ബെംഗളൂരു : പുതുവല്‍സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനു പിന്നാലെ സ്കൂട്ടര്‍ യാത്രികര്‍ യുവതിയോടു മോശമായി പെരുമാറുന്ന വീഡിയോ പുറത്ത്. സ്കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിന്റെ സി.സി ടിവി ദൃശ്യമാണു പുറത്തുവന്നത്. ഞായര്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണു സംഭവം. കിഴക്കന്‍ ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
രാത്രിയില്‍ ഓട്ടോറിക്ഷയില്‍ ഒരു തെരുവില്‍ വന്നിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു യുവതി.
ഇതിനിടെ സ്കൂട്ടറില്‍ എത്തിയവരില്‍ ഒരാള്‍ ചാടിയിറങ്ങി യുവതിയെ ബലമായി കയറിപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളെ തടയാന്‍ ശ്രമിക്കുകയും അടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളില്‍ കാണാം. പിന്നീട്, സ്കൂട്ടറിലുണ്ടായിരുന്ന യുവാവും മോശമായി പെരുമാറിയ ശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളിയിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ റോഡിന്റെ ഒരുവശത്ത് ഏതാനും ആളുകള്‍ ഇതെല്ലാം നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പുതുവര്ഷപ്പുലരിയില് ബെംഗളൂരുവിലുണ്ടായതു വലിയ തിക്കും തിരക്കുമാണെന്നു ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന പുരുഷാരത്തിനു നടുവില്‍ സഹായത്തിനായി നിലവിളിച്ചു പെണ്‍കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്നും അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ആക്രമണങ്ങളില്‍ ചിലര്‍ ബോധരഹിതരായി വീണു. പുതുവര്‍ഷം മതിമറന്ന് ആഘോഷിച്ച പെണ്‍കുട്ടികളെ സാമൂഹിക വിരുദ്ധര്‍ പലവിധ അതിക്രമങ്ങള്‍ക്കും ഇരയാക്കി. ചുറ്റിലുമുള്ള വലിയ ആള്‍ക്കൂട്ടത്തെ മറയാക്കിയായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണു നഗരത്തിലെ ഒരു തെരുവില്‍ ഉണ്ടായ സംഭവത്തിന്റെ വീഡിയോ പുറത്തായത്.
Post Your Comments