ഹൈദരാബാദ്•തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഒരു എം.എല്‍.എ നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോമേഴ്സ് ബിരുദത്തിന് (ബി.കോം) താന്‍ കണക്കും ഫിസിക്സും പഠിച്ചിട്ടുണ്ടെന്നാണ് എം.എല്‍.എ അവകാശപ്പെടുന്നത്.
ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എം.എല്‍.എയായ ജലീല്‍ ഖാനാണ് ഒരു അഭിമുഖത്തില്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എം.എല്‍.എ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
കൊമേഴ്സിനോട് തനിക്ക് വലിയ അഭിനിവേശമായിരുന്നുവെന്നും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആവുകയായിരുന്നു തന്റെ ആഗ്രഹമെന്നും ഖാന്‍ പറഞ്ഞു. കണക്കിനോടും ഫിസിക്സിനോടുമുള്ള ഇഷ്ടംകൊണ്ടാണ് താന്‍ ബികോമിന് ചേര്‍ന്ന് പഠിച്ചതെന്നും ഖാന്‍ പറയുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബികോം ബിരുദധാരിയായ അഭിമുഖം നടത്തുന്നയാള്‍, ബികോം സിലബസില്‍ കണക്കും ഫിസിക്സും ഇല്ലെന്ന് പറഞ്ഞ് തിരുത്താന്‍ ശ്രമിച്ചെങ്കിലും താന്‍ ബികോമിന് കണക്കും ഫിസിക്സും പഠിച്ചിട്ടുണ്ടെന്ന വാദത്തില്‍ എം.എല്‍.എ ഉറച്ച് നില്‍ക്കുകയായിരുന്നു.
“ആരാണ് പറഞ്ഞത് ബി.കോം പഠിച്ചിട്ടില്ലെന്ന് ? അക്കൗണ്ട്‌സ് എന്ന് പറഞ്ഞാല്‍ കണക്കും ഫിസിക്സുമല്ലേ? ഒരുപക്ഷേ നിങ്ങള്‍ മറന്നുപോയതാകാം” – എം.എല്‍.എ അഭിമുഖം നടത്തുന്നയാളോട് പറഞ്ഞു.
കണക്കിന് തനിക്ക് 100/100 മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കുട്ടിക്കാലം മുതലേ കണക്ക് തന്റെ ഇഷ്ട വിഷയമാണെന്നും എം.എല്‍.എ പറയുന്നുണ്ട്. തനിക്ക് കണക്കുകൂട്ടുന്നതിന് കാല്‍ക്കുലേറ്ററിന്റെ ആവശ്യമേയില്ലെന്നും ഖാന്‍ അവകാശപ്പെടുന്നുന്നുണ്ട്.
വിജയവാഡയില്‍ നിന്നുള്ള എം.എല്‍.എയാണ് ജലീല്‍ ഖാന്‍. വൈഎസ്ആർ കോൺഗ്രസ് സ്‌ഥാനാർഥിയായി വിജയവാഡ വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് ജലീൽ തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും പിന്നീട് ടിഡിപിയിലേക്കു കൂടുമാറുകയായിരുന്നു.
എം.എല്‍.എയുടെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസമാണ് ഉയരുന്നത്.
Post Your Comments