തിരുവനന്തപുരം : കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന് എം.എല്‍.എ വീണ്ടും രംഗത്ത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്നും, കോണ്‍ഗ്രസ് നേതാക്കള്‍ ചാനലുകളില്‍ മുഖം കാട്ടാന്‍ തല്ല് കൂടുകയാണെന്നും സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്ന് കാട്ടാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും മുരളീധരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുരളി സ്ഥിരം പ്രശ്നക്കാരനാണെന്നും രാഷ്ട്രീയ എതിരാളികളുടെ കൈയില്‍ ആയുധം വച്ചു കൊടുക്കുകയാണെന്നുമായിരുന്നു ഇതിന് രാജ്മോഹന്‍ ഉണ്ണിത്താന്റെ മറുപടി. പാലു കൊടുത്ത കൈയ്ക്കാണ് മുരളി ഇപ്പോള്‍ കൊത്തുന്നതെന്നും ഉണ്ണിത്താന് പറഞ്ഞിരുന്നു.
വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്ന് മുരളീധരന് പറഞ്ഞു. പാര്‍ട്ടിയിലെ കാര്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നും മുരളീധരന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ അനാശാസ്യക്കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ല. പാര്‍ട്ടി പ്രസിഡന്റിന് പകരം ആരും കുരയ്ക്കേണ്ടതില്ല. അങ്ങനെ കുരച്ചാല്‍ പരമപുച്ഛത്തോടെ തള്ളിക്കളയുമെന്നും മുരളീധരന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളി വ്യക്തമാക്കി.
Post Your Comments