കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇതേ തുടർന്ന് അമൃത എക്സ്പ്രസ്സ് അരമണിക്കൂറോളം നിര്‍ത്തിയിട്ടു. കഴിഞ്ഞരാത്രി 12 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് ഷണ്ടിങ് ട്രാക്കിന് സമീപമാണ് കാര്‍ കണ്ടത്. തൊട്ടടുത്ത ലെവല്‍ക്രോസിലെ ഗേറ്റ് കീപ്പര്‍ ഗേറ്റ് അടയ്ക്കാനെത്തിയപ്പോഴാണ് ട്രാക്കില്‍ കാര്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ചു. കാറില്‍ ആളുണ്ടായിരുന്നില്ല.
സംശയാസ്പദമായ രീതിയില്‍ കാര്‍ കണ്ടെത്തിയതിനെ തുടർന്ന് ഈ സമയം ഇതുവഴി പോകേണ്ടിയിരുന്ന അമൃത എക്‌സ്പ്രസ് ശാസ്താംകോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ടു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ റിക്കവറി വാഹനം കൊണ്ടുവന്ന് കാര്‍ നീക്കംചെയ്തശേഷമാണ് അമൃത എക്‌സ്പ്രസ് കടത്തിവിട്ടത്.
ലെവല്‍ക്രോസിലേക്ക് കയറിയ കാര്‍ ഇടത്തോട്ട് തിരിഞ്ഞാണ് ട്രാക്കില്‍ കയറിയതെന്ന് സംശയിക്കുന്നു. ലെവല്‍ക്രോസിന് സമീപത്തുനിന്ന് നൂറുമീറ്ററോളം ഉള്ളിലാണ് കാര്‍ കിടന്നത്. കാര്‍ ട്രാക്കില്‍പ്പെട്ടശേഷം കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതാകാമെന്ന് സംശയിക്കുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ കൊല്ലം സി.ഐ. ആര്‍.എസ്.രാജേഷിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ തേവലക്കര സ്വദേശി റിയാസ് എന്നയാളെ കസ്റ്റഡിയിലെടുത്തു.
Post Your Comments