വര്‍ഷാവസാനം എന്തെങ്കിലും തരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നത് സ്വഭാവികമാണ്. മിക്കപ്പോഴും ലോകാവസാനമാണ് പറയാറുള്ളത്, ഇത്തവണ ലോകാവസാനത്തിന് പകരം ഇന്റര്‍നെറ്റിന്റെ അവസാനമാണ് പ്രചരിക്കുന്നത്. 2017ല്‍ ഇന്റര്‍നെറ്റിനെ മുഴുവനായി ബാധിക്കുന്ന അന്ത്യദിനം വരുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിലവില്‍ ഹാക്കര്‍മാരുടെ ശേഷിക്കനുസരിച്ച് അമേരിക്കയിലെ ഇന്റര്‍നെറ്റ് സംവിധാനത്തെ 24 മണിക്കൂര്‍ വരെ നിശ്ചലമാക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. സമാനമായ രീതിയില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സൈബര്‍ ആക്രമണത്തിനു ലോകം സാക്ഷ്യം വഹിക്കാനുള്ള സാധ്യത അടുത്ത വര്‍ഷം വളരെ കൂടുതലാണെന്നാണ് മുന്നറിയിപ്പ്.
അമേരിക്കന്‍ സൈബര്‍ വിദഗ്ധരാണ് വരും വര്‍ഷം ഇന്റര്‍നെറ്റിനെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുള്ള സൈബര്‍ ആക്രമണം നടന്നേക്കുമെന്ന് പ്രവചിക്കുന്നത്. സോഷ്യല്‍മീഡിയ സൈറ്റുകളെ മാത്രമല്ല മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പോലും വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുള്ള സൈബര്‍ ആക്രമണമായിരിക്കും ഇതെന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡൊമെയിന്‍ നെയിം സെര്‍വറുകള്‍ അഥവാ ഡിഎന്‍എസുകളായിരിക്കും ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുക. ഡിഎന്‍എസ് വഴി വലിയ തോതില്‍ സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാത്ത യൂസര്‍മാരുടേയും കംപ്യൂട്ടറുകളുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്. വീടുകളിലെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴിയോ ഇമെയില്‍ വഴി വരുന്ന ലിങ്ക് വഴിയോ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് പെട്ടെന്ന് കഴിയും.
ഇന്റര്‍നെറ്റിന്റെ വേഗത വലിയ തോതില്‍ കുറയുന്നത് ഡിജിറ്റല്‍ പണമിടപാടുകളുടെ താളം തെറ്റിക്കും. ലോകമെങ്ങുമുള്ള ഓഹരി വിപണികളുടെ പ്രവര്‍ത്തനത്തെ പോലും ഇത് ദോഷകരമായി ബാധിക്കും. ഈ വര്‍ഷം ആദ്യം നടന്ന ഒരു സൈബര്‍ ആക്രമണത്തില്‍ ട്വിറ്റര്‍, റീഡിറ്റ്, പേപാല്‍, നെറ്റ്ഫ്‌ലക്സ്, സ്പോട്ടിഫൈ തുടങ്ങി വമ്പന്‍ സൈറ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. മണിക്കൂറുകളോളമാണ് ഈ സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറായത്. സമാനമായതും എന്നാല്‍ ഇന്റര്‍നെറ്റിനെ മൊത്തത്തില്‍ ബാധിക്കുന്നത്രയും വിപുലമായതുമായ സൈബര്‍ ആക്രമണം നടക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്.
Post Your Comments