ചെന്നൈ: ഇനി മുതൽ റെയില്‍വേയെക്കുറിച്ചുള്ള പരാതികളയയ്ക്കാന്‍ നവ മാധ്യമങ്ങളും. റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ വാട്സാപ്പും ട്വിറ്ററും വഴി പരാതികൾ കൈമാറാൻ സാധിക്കും. Twitter @Stn-Dir-MAS എന്ന ട്വിറ്റര്‍ അക്കൗണ്ടിലും 9003161902 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴിയും എസ്.എം.എസ്. വഴിയും പരാതികള്‍ അയയ്ക്കാമെന്ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഡയറക്ടര്‍ രാജേഷ് ചന്ദ്രന് അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും അയയ്ക്കാം. മാത്രമല്ല ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് അയച്ചുകൊടുക്കും.
യാത്രക്കാരുടെ പരാതികള്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിയുമെന്നും റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തുടർന്ന് മറ്റു സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കും. നിലവില്‍ യാത്രക്കാര്‍ ടോള്‍ ഫ്രീ നമ്പറായ 138, 182(ആര്.പി.എഫ്.) ലാണ് പരാതികള്‍ അറിയിക്കാറുള്ളത്. ഈ നമ്പറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ www. pgportal.gov.in എന്ന വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്യാം.
ടിക്കറ്റ് ബുക്കിങ്, പാര്‍സല്‍ ബുക്കിങ് കൗണ്ടറുകള്‍, സുരക്ഷ, തീവണ്ടിസമയം, സ്റ്റേഷനുകളിലെയും തീവണ്ടികളിലെയും ശുചിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെസംബന്ധിച്ചും പരാതിപ്പെടാം.
Post Your Comments