India

3,185 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തി

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് സംഘടിപ്പിച്ച വിവിധ റെയ്ഡുകളില്‍ 3,185 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ഇതുവരെ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചത് 677 റെയ്ഡുകളും സര്‍വേകളും അന്വേഷണങ്ങളുമാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇത്തരം പരിശോധനകളില്‍ കണ്ടെത്തിയ നികുതി വെട്ടിപ്പുകള്‍ക്കും ഹവാല ഇടപാടുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് 3,100 നോട്ടീസുകളും ആദായനികുതി വകുപ്പ് അയച്ചു. കറന്‍സികളായും സ്വര്‍ണാഭരണങ്ങളായും പിടിച്ചെടുത്ത നിക്ഷേപങ്ങളുടെ മൂല്യം 428 കോടി രൂപയോളമാണ്.

നിയമനടപടികളുടെ ഭാഗമായി സാമ്പത്തിക തട്ടിപ്പ്, അഴിമതി, അനധികൃത സ്വത്തുസമ്പാദനം എന്നിവയുള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമുള്ള 220ല്‍ അധികം കേസുകള്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ സംഘങ്ങളെ ഏല്‍പ്പിച്ചു. കൂടുതല്‍ കള്ളപ്പണ നിക്ഷേപം, സാമ്പത്തിക തിരിമറി എന്നിവ കണ്ടെത്താന്‍ രാജ്യത്തുള്ള ബാങ്കുകളുമായും റിസര്‍വ് ബാങ്കുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ പിടിച്ചെടുത്താല്‍ എത്രയും വേഗം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ പരിശോധന നടത്തുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധി പരിഹരിക്കാനായി വിതരണം ചെയ്ത പുതിയ നോട്ടുകള്‍ ഉള്‍പ്പെടുന്ന 86 കോടി രൂപയും കള്ളപ്പണക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. രാജ്യവ്യാപകമായി കടുത്ത നോട്ടുക്ഷാമം നേരിടുമ്പോഴാണ് പുതിയ നോട്ടുകളായി മാത്രം ഇത്രയധികം രൂപ പിടിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button