ന്യൂയോര്‍ക്ക്: വിവാദ പരാമര്‍ശവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണ്‍. ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈന്‍ തന്നെയായിരുന്നു വേണ്ടിയിരുന്നതെന്ന് ജോണ്‍ നിക്‌സണ്‍ പറയുന്നു. 2003 ഡിസംബറില്‍ സദ്ദാമിനെ പിടികൂടിയപ്പോള്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ് ജോണ്‍ നിക്‌സണ്‍.
അടുത്ത മാസം പുറത്തുവരുന്ന നിക്‌സന്റെ പുസ്തകത്തെക്കുറിച്ചു ടൈംസ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. ഡീബ്രീഫിങ് ദ് പ്രസിഡന്റ്: ദ് ഇന്റെറോഗേഷന്‍ ഓഫ് സദ്ദാം ഹുസൈന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. 2006 ഡിസംബര്‍ 30നാണ് സദ്ദാമിന് ഇറാഖ് ഭരണകൂടം വധശിക്ഷ വിധിച്ചത്.
മരിക്കുന്നതിനുമുന്‍പ് സദ്ദാം ഹുസൈന്‍ പറഞ്ഞ വാക്കുകള്‍ ജോണ്‍ നിക്‌സണ്‍ വെളിപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ ഇവിടെ പരാജയപ്പെടും. ഇറാഖിനെ ഭരിക്കാന്‍ എളുപ്പമല്ലെന്നു നിങ്ങള്‍ തിരിച്ചറിയും.. ചോദ്യം ചെയ്യലില്‍ സദ്ദാം ജോണ്‍ നിക്‌സണോടു പറഞ്ഞതിങ്ങനെ. എന്തുകൊണ്ടാണ് താങ്കള്‍ അങ്ങനെ പറഞ്ഞതെന്ന ചോദ്യത്തിന് നിങ്ങള്‍ക്കു ഭാഷ അറിയില്ല, ചരിത്രം അറിയില്ല, മാത്രമല്ല, അറബ് നാടിന്റെ മനസ് എന്തെന്നും നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ പരാജയപ്പെടും എന്നായിരുന്നു മറുപടി. അതു ശരിയാണെന്ന് ഇന്നത്തെ ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ ബോധ്യപ്പെടുന്നതായും നിക്‌സണ്‍ വ്യക്തമാക്കി.
ഇറാഖിനെ നയിക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ ഭരണാധികാരിയാണ് വേണ്ടത്. സദ്ദാം ഇന്നും ജീവിച്ചിരുന്നെങ്കില്‍ ഭീകരസംഘടനയായ ഐഎസ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Post Your Comments