ആലപ്പുഴ : ആലപ്പുഴ നഗരസഭയിലെ കൈതവന വാര്‍ഡില്‍ നാട്ടുകാരെ കറക്കിയിരുന്ന പ്രേതത്തെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു. രണ്ടാഴ്ചയിലേറെയായി ഇവിടെ വെള്ള വേഷധാരിയുടെ വിളയാട്ടമായിരുന്നു. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ യുവാക്കളും പോലീസുമുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രേതത്തെ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചു കിടന്ന പട്ടി ഓടിച്ചിട്ട് കടിച്ചത്.
പട്ടിയുടെ കുരകേട്ട് പ്രദേശവാസികള്‍ ഉണര്‍ന്നുവെങ്കിലും ഭയംമൂലം പുറത്തിറങ്ങിയിരുന്നില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷശബ്ദം കേള്‍ക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ നോക്കിയപ്പോഴാണ് സ്ഥലത്ത് ചോരപ്പാടുകള്‍ കണ്ടത്. പട്ടിയുടെ ആക്രമണത്തിന് ശേഷം പ്രദേശത്ത് വെള്ളവേഷ ധാരിയുടെ ശല്യം ഇല്ലാതായിരിക്കുകയാണ്. പ്രദേശത്തെ വീടുകളില്‍ രാത്രികാലങ്ങളില്‍ വെളുത്ത വസ്ത്രം ധരിച്ച് തലയില്‍ കെട്ടുമായെത്തുന്നയാള്‍ കതകില്‍ തട്ടുകയും കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യുന്ന സംഭവമുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കു മുന്നില്‍ അപ്രതീക്ഷിതമായെത്തുന്ന ഈ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടാഴ്ച മുമ്പ് പുലര്‍ച്ചെ 1.30 ഓടെ നഗരത്തില്‍ നിന്നും പ്രദേശത്തേക്ക് സവാരിക്കെത്തിയ ഓട്ടോ ഡ്രൈവര്‍ തിരികെ പോകുന്നതിനിടയില്‍ മാത്തൂര്‍ ലൈന്‍ റോഡിലെ നടുപ്പറമ്പ് മൂലയില്‍ വച്ച് ഈ രൂപത്തെ കണ്ടിരുന്നു. ഭയപ്പെട്ട ഇയാള്‍ മറ്റൊരു വഴി ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷം പ്രദേശത്തെ റോഡിലൂടെ ഈ രൂപം സഞ്ചരിക്കുന്നത് പലതവണ ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും ആളെക്കൂട്ടി പരിശോധന നടത്തുമ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വാര്‍ഡിലെ ഉള്‍പ്രദേശങ്ങളിലൊരിടത്തുവച്ച് പ്രേതത്തെ പട്ടി കടിച്ചുകുടഞ്ഞത്.
Post Your Comments