ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഭയന്ന് ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് നീക്കം. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന വിശാല സഖ്യത്തിനുള്ള നീക്കങ്ങളാണ് അണിയറയില്‍ സജീവമായി നടക്കുന്നത്. നോട്ട് അസാധുവാക്കലിനു ശേഷമുള്ള സാഹചര്യമാണ് ഇരു പാര്‍ട്ടികളെയും ഒന്നിക്കാന്‍ പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കാനുള്ള സാധ്യതയേറി. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ കരുനീക്കത്തിന്റെ ഫലമാണ് മഹാസഖ്യത്തിന് രാഹുല്‍ ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട് . ആകെയുള്ള 403 സീറ്റുകളില്‍ 120 സീറ്റുകള്‍ നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മാറ്റം വരുത്തിയ കോണ്‍ഗ്രസ് 75 സീറ്റുകള്‍ വരെ നല്‍കിയാല്‍ സഖ്യത്തില്‍ ചേരാം എന്ന നിലപാടിലെത്തിയെന്നാണ് സൂചന.
നോട്ട് അസാധുവാക്കിയതിനു ശേഷം ബിജെപി ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ വിശാല സഖ്യം ഉടലെടുത്താല്‍ ബി.ജെ.പിയ്ക്ക് അത് വലിയ തിരിച്ചടിയായിരിയ്ക്കും . എന്നാല്‍ കോണ്‍ഗ്രസും എസ്പിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കും. നോട്ട് ദൗര്‍ലഭ്യം ഡിസംബര്‍ 31ന് തീരില്ലെന്നിരിക്കെ ഗ്രാമീണ മേഖലയില്‍ നരേന്ദ്ര മോദി വിരുദ്ധ വികാരം ശക്തിപ്പെടുമെന്നും രണ്ടു പാര്‍ട്ടികളും കരുതുന്നു. ഇതാണ് സഖ്യനീക്കങ്ങള്‍ക്ക് വീണ്ടും ആക്കം കൂട്ടിയത്. സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ ഏത് ദിശയിലേക്ക് നീങ്ങും എന്നത് കൂടി നിരീക്ഷിച്ച ശേഷമാകും കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ മേയ് വരെ സമയമുണ്ടെങ്കിലും ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും എന്ന് സൂചനയുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷം ഫണ്ടിന് പ്രതിസന്ധിയുള്ളപ്പോഴുള്ള തെരഞ്ഞെടുപ്പ് പ്രാദേശിക പാര്‍ട്ടികളെ ബാധിക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. ഫെബ്രുവരിയിലും മാര്‍ച്ചിലും പരീക്ഷ പ്രഖ്യാപിച്ച് ഈ നീക്കം പരാജയപ്പെടുത്താനുള്ള അഖിലേഷ് യാദവിന്റെ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു.
Post Your Comments