
ന്യൂഡല്‍ഹി : കുട്ടികളുടെ ഡയപ്പറിനുള്ളില്‍ 16 കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാര്‍ പിടിയിലായി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംശയം തോന്നിയ യാത്രക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. കുട്ടികളുടെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. യാത്രക്കാരെല്ലാം സൂറത്തില്‍നിന്നുള്ളവരാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണക്കടത്തുകാരുടെ കാരിയര്‍മാരാണ് ഇവരെന്ന് സംശയിക്കുന്നു. നേരത്തെയും പലതവണ ഇവര്‍ സ്വര്‍ണം കടത്തിയതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഏതെങ്കിലും വന്‍കിട ജ്വല്ലറികള്‍ക്കുവേണ്ടിയാകാം കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്. ആറ് യാത്രക്കാര്‍ രണ്ട് ഗ്രൂപ്പായിട്ടായിരുന്നു വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. രണ്ട് ഗ്രൂപ്പുകള്‍ക്കൊപ്പവും ഓരോ കുട്ടികളുണ്ടായിരുന്നു.
Post Your Comments