ചെന്നൈ: ജയലളിതയ്ക്ക് 15 കോടിയുടെ സ്മാരകം നിര്‍മിക്കാന്‍ തമിഴ്‌നാട് മന്ത്രിസഭാ യോഗ തീരുമാനം. മറീന ബീച്ചിലുള്ള എം.ജി.ആര്‍ സ്മാരകത്തിന്റെ പേര് മാറ്റി ഭാരത രത്‌ന ഡോ. എം.ജി.ആര്‍, ജയലളിത സ്മാരകം എന്നാക്കാനും തീരുമാനിച്ചു. ജയലളിതയുടെ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഈ ആവശ്യങ്ങള്‍ ഉടന്‍തന്നെ കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. ഒ.പനീര്‍സെല്‍വത്തിന്റെ അധ്യക്ഷതയില്‍ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
Post Your Comments