Kerala

കേന്ദ്രസര്‍ക്കാരിനെ തകര്‍ക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നു : ബിജെപി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ തകര്‍ക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം ഡിസംബര്‍ മാസത്തിലെ ശബളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് മറ്റെല്ലാ സംസ്ഥാനങ്ങളും നവംബര്‍ 15നു തന്നെ നടപടി ആരംഭിച്ചിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പെന്‍ഷന്‍കാരെയും കേന്ദ്ര സര്‍ക്കാരിനെതിരേ തിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്നു തെളിഞ്ഞിരുന്നു. ഇത്തരത്തിലൊരു ഭീതി റേഷന്‍ വിതരണത്തിന്റെ കാര്യത്തിലും സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെന്‍ഷനും ശബളവും തടസപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതു പോലെ മനപ്പൂര്‍വം റേഷന്‍ വിതരണം പൂര്‍ണമായി മുടക്കിയതിനു ശേഷം അതിന്റെ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞു.


ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ പട്ടികയില്‍ വരുന്ന 1.54 കോടി പേരില്‍ പകുതിപ്പേര്‍ക്കു മാത്രമേ ഇതുവരെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളൂ. മുന്‍ഗണനാ വിഭാഗത്തില്‍ ബാക്കിവരുന്ന പകുതിപ്പേര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്ത വിഭാഗത്തിനും നവംബര്‍ മാസത്തെ റേഷന്‍ വിഹിതമായി ഒരുമണി അരിപോലും ലഭിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദികള്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സംസ്ഥാനത്തെ ബഹുഭൂരിപക്ഷത്തിനും റേഷന്‍ നഷ്ടപ്പെടുമെന്നും പറഞ്ഞ് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാതെ മാറിനിന്ന ശേഷം നിയമം നടപ്പാക്കിയ അടുത്ത മാസംതന്നെ ഈ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന നടപടിക്കു പിന്നില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള പരാജയപ്പെട്ട തന്ത്രമാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ പയറ്റുന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയശേഷമുള്ള ആദ്യ മാസംതന്നെ റേഷന്‍ വിതരണം താറുമാറാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നു വ്യക്തമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button