തിരുവനന്തപുരം : കോടതി അനുവദിച്ചാലും യഥാര്‍ത്ഥ അയ്യപ്പവിശ്വാസിയായ സ്ത്രീ ശബരിമല കയറില്ലെന്നും ആര്‍ത്തവകാലത്ത് ക്രിസ്ത്യന്‍ സ്ത്രീകള്‍ പള്ളിയില്‍ പോകില്ലെന്നുമാണ് കേട്ടിട്ടുള്ളതെന്നും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറയുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാം എന്നൊരു നിയമം ഉണ്ടാകുമെങ്കില്‍ അത് അനുസരിക്കാന്‍ ദേവസ്വംബോര്‍ഡും ബാധ്യസ്ഥമാകും. അന്ന് ബോര്‍ഡ് അതിനെതിരായി നിലപാട് എടുക്കില്ല. എടുക്കാന്‍ കഴിയുകയുമില്ല. പക്ഷെ ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ അങ്ങനെയുള്ളതല്ല. ഏതൊരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണകൂടവും കോടതികളും ഇടപെടുന്നത് മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കാന്‍ പോകുമ്പോള്‍ തടയുമോ എന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല. നിലവിലെ നിയമവും ആചാരങ്ങളും അനുസരിച്ച് വിശ്വാസികളായ അയ്യപ്പന്മാര്ക്ക് സുഗമവും ഭക്തിനിര്ഭരവുമായി അയ്യപ്പദര്‍ശനം ഒരുക്കുകയെന്നുള്ളതാണ് ഇപ്പോള്‍ ദേവസ്വത്തിന്റെ ഉത്തരവാദിത്തം. അത് ബോര്‍ഡ് ഇതുവരെ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഇനിയും അങ്ങനെത്തന്നെയായിരിക്കും. ഒരു മതവിശ്വാസം മറ്റൊരു മതത്തെ ഹനിക്കുമ്പോഴാണ് ഇവരുടെയെല്ലാം ഇടപെടല്‍ ഉണ്ടാകേണ്ടത്. അല്ലാതെ സ്വന്തം വിശ്വാസം പരിപാലിക്കാന്‍ ഒരു കൂട്ടര് ശ്രമിക്കുമ്പോഴല്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറയുന്നു.
ഫെമിനിസമല്ല വിശ്വാസത്തിലാണ് അവര്‍ മല കയറാന്‍ എത്തുന്നത് എന്ന് തൃപ്തി ദേശായി പറയുന്നു. യഥാര്‍ത്ഥ അയ്യപ്പവിശ്വാസികളായ സ്ത്രീകള്‍ അങ്ങനെയൊരു അവസരം നിയമം മൂലം ലഭിച്ചാല്‍ പോലും ശബരിമല കയറാന്‍ എത്തുമെന്ന് കരുതുന്നില്ല. വിശ്വാസം ഒരിക്കലും ഒരു വെല്ലുവിളിയല്ല. വിശ്വാസത്തില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉണ്ട്. പണ്ടുള്ള സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വീടിന്റെ പുറത്തുള്ള മുറികളിലായിരുന്നു കഴിഞ്ഞിരുന്നത്. അടുക്കളയില്‍ കയറുകയോ വിളക്ക് തെളിയിക്കുകയോ ചെയ്യുമായിരുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ ഇപ്പോഴും അങ്ങനെയാണെന്ന് പ്രയാര്‍ പറയുന്നു.
ക്രൈസ്തവ മുസ്ലിം മതവിശ്വാസത്തില്‍ ഉള്ള സ്ത്രീകളും അവരുടെ മതം അനുശാസിക്കുന്ന ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്. ആര്‍ത്തവക്കാലത്ത് ക്രിസ്ത്യന്‍ സ്ത്രീകള്‍ പള്ളികളില്‍ പോവുകയോ വിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയോ ചെയ്യില്ല എന്നാണ് കേട്ടിട്ടുള്ളത്. അതുപോലെ തന്നെയാണ് മുസ്ലീം സ്ത്രീകളുടെ കാര്യത്തിലും. ഈശ്വരവിശ്വാസമുള്ള സ്ത്രീകള്‍ അവരുടെ വിശ്വാസം കാത്തുപരിപാലിക്കും എന്നുള്ളതിന് തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments