ചെന്നൈ: നാഡ ചുഴലിക്കാറ്റിനു പിന്നാലെ തമിഴ്നാടിനെ ആശങ്കയിലാഴ്ത്തി വര്‍ധ ചുഴലിക്കാറ്റെത്തുന്നു. വര്‍ധ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്നാട്, പുതുച്ചേരി കടല്‍ത്തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ നല്കുന്ന വിവരം.
വര്‍ധ ചുഴലിക്കാറ്റ് ഏതുനിമിഷവും ആഞ്ഞുവീശാം. അപകടം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. തീരപ്രദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നാഡ ചുഴലിക്കാറ്റിന് പിന്നാലെയാണ് വര്‍ധ എത്തുന്നത്. തീരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത നാഡ ചുഴലിക്കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ പുതുച്ചേരിയിലെ ചില തീരങ്ങളില്‍ വീശിയെങ്കിലും കാര്യമായ നാശനഷ്ടത്തിനിടയാക്കിയിട്ടില്ല. കനത്ത മഴയാണ് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ശക്തി, ഐഎന്‍എസ് സത്പുര, എന്നീ യുദ്ധക്കപ്പലുകളെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിന്യസിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നേവിയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് രഞ്ജിത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായി കഴിഞ്ഞു.
Post Your Comments