കണ്ണൂര്‍: നോട്ടുനിരോധനം തുടരുന്ന സാഹചര്യത്തിൽ സഹകരണബാങ്കുകളിലെ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ദേശസാല്‍കൃത ബാങ്കുകളിലേക്ക് ചെക്കുമുഖേന നിക്ഷേപം മാറ്റുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍. സഹകരണബാങ്കുകളെ ആശ്രയിക്കുന്ന പ്രാദേശിക സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണ്.
നോട്ടുനിരോധനം വന്ന ആദ്യദിനങ്ങളില്‍ സഹകരണബാങ്കുകള്‍ പ്രവർത്തനരഹിതമായിരുന്നു. പഴയ നോട്ടുകള്‍ വാങ്ങാനോമാറ്റിനല്‍കാനോ അനുമതി ലഭിക്കാതിരുന്നതോടെ കൈയിലുള്ള നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് പിടിച്ചുനിന്നത്. പക്ഷെ ആഴ്ചകള്‍ പിന്നിടുമ്പോഴും സഹകരണബാങ്കുകളിലെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. സഹകരണബാങ്കുകളെ കൂടുതലായി ആശ്രയിക്കുന്ന വടക്കേ മലബാറിലെ സഹകരണസ്ഥാപനങ്ങളും വ്യവസായകേന്ദ്രങ്ങളും പൊതുജനങ്ങളും നോട്ടില്ലാതെ വലയുകയാണ്.
ഇതോടെ നിക്ഷേപകര്‍ ദേശസാല്‍കൃത ബാങ്കുകളിലേക്ക് നിക്ഷേപങ്ങള്‍ വ്യാപകമായി മാറ്റിത്തുടങ്ങി. ജില്ലാ ബാങ്കിലേക്ക് ചെക്കുകൊടുത്ത് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പലയിടത്തും കറന്‍സിയില്ലാത്തത് ജനങ്ങളെ ദേശസാല്‍കൃത ബാങ്കുകളിലേക്കുതന്നെ എത്തിക്കുന്നു. നിക്ഷേപകരെ പിടിച്ചുനിര്‍ത്താനും വിശ്വാസം നിലനിര്‍ത്താനും സഹകരണബാങ്കുകള്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഒട്ടേറെ പദ്ധതികളിലൂടെ കാലങ്ങള്‍ കൊണ്ട് ലഭിച്ച നിക്ഷേപം നഷ്ടപ്പെടുന്നത് സഹകരണബാങ്കുകളുടെ തുടര്‍പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സഹകരണ ബാങ്കുകളുടെ തകര്‍ച്ച ന്യൂജനറേഷന്‍ ബാങ്കുകള്‍ മുതലെടുക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments