2000 രൂപയുടെ നോട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്റ് ചെയ്യുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ലോക്‌സഭയിൽ വ്യക്തമാക്കി. 2019-20, 2020-21 വര്‍ഷങ്ങളില്‍ 2000 രൂപയുടെ നോട്ട് പ്രിന്റ് ചെയ്യാന്‍ വേണ്ടി പ്രസിലേക്ക് അയച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളിലും ബാങ്കുകളിലും പോലും ലഭ്യമാവുന്നില്ലെന്നും, കുറഞ്ഞ അളവില്‍ മാത്രമാണുള്ളതെന്നും, അതെന്തുകൊണ്ടാണെന്നുമുള്ള എം.പി എ. ഗണേഷ്മൂര്‍ത്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
മൊത്തം ഉപയോഗത്തിലുള്ള നോട്ടുകളുടെ 35 ശതമാനം 2000 രൂപാ നോട്ടുകളാണെന്ന് കഴിഞ്ഞവര്‍ഷം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആര്‍.ബി.ഐയുടെ നിര്‍ദേശപ്രകാരമാണ് പ്രിന്റിങ് നിര്‍ത്തിവച്ചതെന്നും, ഉപയോഗിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. 2000 രൂപയുടെ നോട്ട് ഉപയോഗത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചത്.
Post Your Comments