NewsIndia

നോട്ട് നിരോധനം; തീവ്രവാദി സംഘടനകൾക്ക് തിരിച്ചടി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് ഇടത് തീവ്ര സംഘടനകളെ കാര്യമായി ബാധിച്ചുവെന്ന് സൂചന. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ മാവോവാദികളുടെ ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മാവോവാദികളും അനുഭാവികളുമായി 564 പേര്‍ കീഴടങ്ങിയതാണ് ഇതിന് തെളിവ്.

സി.ആര്‍.പി.എഫിന്റെയും ഛത്തീസ്ഘട്ട് , ഒഡീഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് പോലീസ് സേനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന തിരച്ചിലിലും ഏറ്റുമുട്ടലിലുമാണ് മാവോവാദികളുടെ കൂട്ടമായ കീഴടങ്ങല്‍. നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം 469 മാവോവാദികളും അനുഭാവികളുമാണ് കീഴടങ്ങിയതെന്ന് അധികൃതര്‍ പറയുന്നു.

ഒഡീഷയിലാണ് കീഴടങ്ങിയവരില്‍ 70 ശതമാനവും. ആന്ധ്രയില്‍ ഒരു മാസത്തിനിടെ 28 മാവോവാദികള്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. 2016 ല്‍ നടന്നത് കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മാവോവാദി വേട്ടയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2011 മുതല്‍ 2016 നവംബര്‍ 15 വരെ 3,766 മാവോവാദികളെയാണ് പിടികൂടിയത്. 2016 ലാണ് ഇതില്‍ 1,399 പേരെയും പിടികൂടിയത്.
1000, 500 നോട്ടുകള്‍ക്ക് നിയന്ത്രണം വന്നതോടെ മാവോവാദികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ നിലച്ചു. ഇക്കാരണത്താല്‍ ഇവര്‍ക്ക് ആയുധങ്ങളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനുള്ള പണമില്ലാതായിയെന്നും ഇത് കീഴടങ്ങലിന് കാരണമാക്കിയെന്നും സി.ആര്‍.പി.എഫ് പറയുന്നു.

അതുപോലെ മാവോദികളുടെ ശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇവരുടെ അതിജീവനം ദുഷ്കരമാക്കുന്നുണ്ടെന്നും സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ പറയുന്നു.
മാവോവാദികള്‍ അതിജീവനത്തിനായി അവസാനശ്രമങ്ങള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനായി ഇവര്‍ പ്രദേശിക കരാറുകാര്‍ക്കും കച്ചവടക്കാര്‍ക്കും കുറിപ്പുകള്‍ കൈമാറാന്‍ ശ്രമിക്കുന്നുണ്ടെന്നും കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാരിന്റെ നടപടിയാണ് അവരുടെ പതനത്തിന്റെ കാരണമെന്നും രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button