കോഴിക്കോട്: തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തിലും, നോ പാര്‍ക്കിംഗ് മേഖലകളിലും വാഹനം പാര്‍ക്ക് ചെയ്തുപോകുന്നവരെ തളയ്ക്കാന്‍ സിറ്റി ട്രാഫിക് പോലീസ് ആവിഷ്‌കരിച്ച ‘ നോ പാര്‍ക്കിംഗ് ഓപറേഷന്‍’ ഇന്നു മുതല്‍ നടപ്പാക്കുകയാണ്. ഫുട്പാത്തുകള്‍ ഒഴിപ്പിച്ച് അവ പൂര്‍ണമായും കാല്‍നടയാത്രക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള ട്രാഫിക് പോലീസ് സ്‌പെഷല്‍ ടീം റിക്കവറി വാനുമായി നഗരത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അനധികൃത പാര്‍ക്കിംഗ് എവിടെ ശ്രദ്ധയില്‍പ്പെട്ടാലും വാഹനം കോളുത്തിവലിച്ച് കോടതിയിലേക്കു നീക്കും. നിയമലംഘനത്തിന് ഈ ടീം പിഴ സ്വീകരിക്കില്ല.
നഗരത്തില്‍ അനവധി പാര്‍ക്കിംഗ് മേഖലകള്‍ ഉണ്ടായിട്ടും തോന്നുന്നിടത്ത് വാഹനം പാര്‍ക്കുചെയ്ത് ഗതാഗതം തടസപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനാലാണ് ‘നോ പാര്‍ക്കിംഗ് ഓപറേഷന്‍’ ആരംഭിക്കുന്നതെന്ന് ട്രാഫിക് അസി.കമ്മീഷണര്‍ എ.കെ.ബാബു അറിയിച്ചു. മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസിക്കടുത്ത ഒരു ഹോട്ടല്‍, ബാങ്ക് റോഡ് ജംഗ്ഷനിലെ ‘ഫോറിന്‍ ബസാര്‍’, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരം, പാളയം പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ തുടങ്ങി അനധികൃത പാര്‍ക്കിംഗ് നടത്തുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. ഇവിടങ്ങളിലായിരിക്കും ആദ്യം നടപടി തുടങ്ങുക
Post Your Comments