സന്നിധാനം: ഭക്തിയാൽ സമ്പന്നമാണ് സന്നിധാനത്തെ തപാല്‍ ഓഫീസ്. ഈ തപാലോഫീസിനെയാണ് അയ്യനുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഉപാധിയായി ചില ഭക്തര്‍ കാണുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തു ലഭിച്ച ഒരു കത്തിലെ മേല്‍വിലാസം ഇങ്ങനെയായിരുന്നു. സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ടെമ്പിള്‍, ശബരിമല 689713, കേരള. ഇത് വിശാഖപട്ടണത്തു നിന്നാണ് അയച്ചിരിക്കുന്നത് . കലിപട്ടണം ജോഗി രാജു എന്നയാളിന്റെ മകളുടെ വിവാഹത്തിനുള്ള ക്ഷണക്കത്താണ്. ഇത്തരം ഒട്ടേറെ കത്തുകള്‍ ദിവസവും സന്നിധാനം പോസ്റ്റോഫീസില്‍ ലഭിക്കുന്നു. അവയെല്ലാം ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറാറുണ്ടെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനാര്‍ദ്ദനന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഭാവി അറിയാന്‍ ഈശ്വരനോട് ചില ചോദ്യങ്ങള്‍, ദൈവകാരുണ്യത്തിന് ഉപകാരസ്മരണ, ജീവിത പ്രശ്‌നങ്ങള്‍, പരാതികള്‍ എന്നിവയെല്ലാം അയ്യപ്പനുള്ള കത്തില്‍ വിഷയമാകാറുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകള്‍ കൂടുതലും ലഭിക്കുന്നത്. പൂജയ്ക്കുള്ള തുകയും കാണിക്കയും മണി ഓര്‍ഡറായി അയക്കുന്നവരും ഒട്ടേറെയുണ്ട്. പതിനെട്ടുപടിയും അയ്യപ്പവിഗ്രഹവും മുദ്രണം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്.
മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രമേ ഇവിടെ പ്രവര്‍ത്തനമുള്ളൂ. തിരുവല്ല ആര്‍എംഎസില്‍ നിന്ന് ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് പമ്പ പോസ്റ്റോഫീസിലെത്തിക്കുന്ന കത്തുകള്‍ തലച്ചുമടായാണ് സന്നിധാനത്ത് എത്തിക്കുക. 2 ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്തെ വിവിധ ഓഫീസുകളിലേക്കും മറ്റുമുള്ള കത്ത് വിതരണത്തിന് രണ്ട് പോസ്റ്റുമാന്‍മാരുമുണ്ട്. സന്നിധാനത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നാട്ടിലേക്ക് മണി ഓര്‍ഡര്‍ അയക്കാനും ഈ തപാലോഫീസിനെ ആശ്രയിക്കുന്നു. മൊബൈല്‍ റീച്ചാര്‍ജിംഗിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
Post Your Comments