KeralaNews

കള്ളപ്പണം വെളുപ്പിക്കല്‍ : വിജിലന്‍സും ആദായനികുതി വകുപ്പും കൈകോര്‍ക്കുന്നു : മുന്‍ മന്ത്രിമാര്‍ കുടുങ്ങുമെന്ന് സൂചന

കൊച്ചി: സംസ്ഥാനത്ത് കള്ളപ്പണം ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കാനൊരുങ്ങുന്നു. ഇതിലൂടെ കോഴ ഇടപാടുകളിലൂടെ രാഷ്ട്രീയക്കാര്‍ സമ്പാദിച്ച തുകകള്‍ക്ക് പിടിവീഴുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രിമാര്‍ കോഴപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ആദായനികുതി വകുപ്പിന് ലഭിച്ച വിവരം. ഇതു സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച നിര്‍ദേശം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ മുന്‍മന്ത്രി കെ. ബാബുവിന്റെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ 60 കോടി രൂപയുടെ കോഴപ്പണം എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനു സമീപത്തെ സ്ഥാപനത്തില്‍ തുക എത്തിയെന്നാണ് കൊച്ചി സിറ്റി പോലീസിനു ലഭിച്ച വിവരം.

മുന്‍ മന്ത്രി കെ. ബാബുവില്‍നിന്നും ബന്ധുക്കളില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍നിന്നും ലോക്കറുകളില്‍നിന്നും പിടിച്ചെടുത്ത 200 പവനോളം സ്വര്‍ണത്തിന്റെ ഉറവിടത്തെപ്പറ്റിയാണ് ശരിയായ വിവരം നല്‍കാന്‍ കഴിയാതിരുന്നത്. പാരമ്പര്യമായി കിട്ടിയ സ്വര്‍ണമാണെന്ന ബാബുവിന്റെ ഭാര്യയുടെ മൊഴിയെത്തുടര്‍ന്ന് ഭാര്യാമാതാവിനെയും വിജിലന്‍സ് ചോദ്യംചെയ്തു. സ്വര്‍ണത്തിന്റെ കൃത്യമായ വിവരം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നാണു സൂചന. കൊച്ചിയിലെ ജുവലറികളില്‍ നിന്നടക്കം സ്വര്‍ണം വാങ്ങിയെന്നു പറഞ്ഞെങ്കിലും ബില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു വരികയാണ്. ബാബുവിന്റെ പെണ്‍മക്കളുടെ പേരിലുള്ള ലോക്കറുകളില്‍നിന്നു പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ബില്ലുകളും ഹാജരാക്കാനായില്ല. സ്വര്‍ണം വാങ്ങാനുള്ള പണത്തിന്റെ ഉറവിടവും വിജിലന്‍സ് സംഘം പരിശോധിക്കും. അതേസമയം ഭരണകക്ഷിയിലെ ചില നേതാക്കളെ കുറിച്ചും ആദായനികുതി വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയെ ശക്തമായി എതിര്‍ക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടം വെളിപ്പെട്ടാല്‍ രാഷ്ട്രീയത്തിലെ പല ഉന്നതന്‍മാര്‍ക്കും ഖദര്‍ കുപ്പായം അഴിച്ചുവെയ്‌ക്കേണ്ടി വരും

shortlink

Related Articles

Post Your Comments

Related Articles


Back to top button