മലപ്പുറം : ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടത്തുന്ന ന്യൂനപക്ഷ സമ്മേളനം വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി ബിജെപി രംഗത്ത്. സന്മാര്‍ഗ്ഗത്തിലേക്കുള്ള വെളിച്ചം എന്നര്‍ത്ഥം വരുന്ന ‘നൂറുല്‍ ഹുദ’ എന്ന അറബിക് പേരാണ് പരിപാടിക്ക് നല്‍കിയിരിക്കുന്നത്.
അറബിക് സര്‍വ്വകലാശാലക്ക് ബിജെപി എതിരാണെന്ന പ്രചരണങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് തങ്ങളുടെ പരിപാടിക്ക് അറബിയിലുള്ള പേര് തന്നെ നല്‍കി ബിജെപി സകലരെയും ഞെട്ടിച്ചത്. ലീഗിന്റെയും സിപിഎമ്മിന്റെയും തട്ടകമായ പെരിന്തല്‍മണ്ണയില്‍ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്നില്‍ നിര്‍ത്തി തുറന്ന പോരാട്ടത്തിന് തന്നെയാണ് ബിജെപി തയ്യാറെടുക്കുന്നത്. നൂറുല്‍ ഹുദ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തുന്നത് ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരിയാണ്.
പൊതുസമ്മേളനത്തെ തുടര്‍ന്ന് ജില്ലയിലെ ന്യൂനപക്ഷ നേതാക്കള്ക്കായി നടത്തുന്ന നേതൃത്വ പഠനശിബിരം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളായ അഡ്വ.ജോര്‍ജ് കുര്യന്‍, അഡ്വ. എ കെ നസീര്‍ എന്നിവര്‍ക്കൊപ്പം ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍ തുടങ്ങിയവര്‍ ക്ലാസ് എടുക്കും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് വന്‍ ഒരുക്കങ്ങളാണ് മലപ്പുറത്ത് നടക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി ആര്‍ രശ്മില്‍ നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.സി മുഹമ്മദ് അഷറഫ് , ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് എന്നിവരാണ് പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
Post Your Comments