ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അനധികൃത ഇടപാടുകള്‍ സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ധന മന്ത്രാലയം തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് ധനമന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കള്ളപ്പണക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം അട്ടിമറിക്കാന്‍ സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി ചിലര്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരമാണ് ലഭിച്ചിട്ടുള്ളത്. ജന്‍ ധന്‍ പദ്ധതിയില്‍ തുടങ്ങിയ സീറോ ബാലന്‍സ് അക്കൗണ്ടുകളും നിരീക്ഷണ വിധേയമാക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സൂക്ഷ്മ നിരീക്ഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പണം നിക്ഷേപിച്ചയാള്‍ക്കെതിരെയും അക്കൗണ്ട് ഉടമയ്‌ക്കെതിരെയും നടപടിയുണ്ടാവും. 2.5 ലക്ഷത്തില്‍ കുറവുള്ള നിക്ഷേപങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപകമാക്കുമെന്നാണ് സൂചന.
അതിനിടെ, പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സൗകര്യം ഉടന്‍ നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments