മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്‌മുഖിന്റെ കാറിൽ നിന്നും 91.5 ലക്ഷം രൂപ പിടികൂടി. ഇദ്ദേഹത്തിന്റെ പേരിലുള്ള സോളാപൂര്‍ ആസ്ഥാനമായുള്ള ലോക് മംഗല്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. നിരോധിക്കപ്പെട്ട 1000 ന്റെയും 500 ന്റെയും നോട്ടിന്റെ കെട്ടുകള്‍ ഇതിലുണ്ടായിരുന്നു.
ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാറിൽ ലോക് മംഗലിന്റെ ഒരു ജീവനക്കാരനും ഉണ്ടായിരുന്നു. പണം ലോക് മംഗല്‍ ബാങ്കിന്റേതാണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ പണം തന്റെ പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ കൊണ്ടുപോയതാണെന്നാണ് ദേശ്‌മുഖ് പറയുന്നത്.
വാഹനം പിടികൂടിയത് ഒസ്മാനാബാദ് ജില്ലയിലെ ഉമര്‍ഗ തെഹ്‌സിലില്‍ നിന്നുമാണ്. സംഭവം ആദായനികുതി, ലോക്കല്‍ പോലീസ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും പണത്തിന് വിശദീകരണം തേടിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. കള്ളപ്പണ കൈമാറ്റമാണ് നടന്നിരിക്കുന്നതെന്നും വിവാദ മന്ത്രിയെ ഉടനടി പുറത്താക്കണമെന്നും എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളുടെ വീടുകളിലാണ് ഭൂരിഭാഗം കള്ളപ്പണമെന്ന് കരുതുന്നതായി എന്‍സിപി ആരോപിച്ചു. കോണ്‍ഗ്രസും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments