ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേരും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്താകത്തെമ്പാടും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരികയാണെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയില്‍ അടുത്ത കാലത്തായി ഇന്റര്‍നെറ്റ് ഉപയോഗത്തിലുണ്ടായ വര്‍ധന ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തേയ്ക്ക് ഇന്ത്യയെ എത്തിച്ചിട്ടുണ്ട്. ചൈന മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ലോകത്തിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 88ശതമാനവുമുള്ള 65 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ജനങ്ങള്‍ക്ക് ഏറ്റവും കുറവ് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യം ചൈനയാണ്. സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തൊട്ടു പുറകിലുണ്ട്. നെറ്റ് ന്യൂട്രാലിറ്റിയുടെ കാര്യത്തില്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഒപ്പം, ഓണ്‍ലൈനില്‍ നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന സുപ്രീം കോടതിയുടെ നടപടിയും റിപ്പോര്‍ട്ടിലുണ്ട്.
മെസ്സേജിങ് സംവിധാനങ്ങളിലും സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളിലും സര്‍ക്കാര്‍ നിരീക്ഷണം ശക്തമാണെന്നാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഫ്രീഡം ഹൗസ് പുറത്തു വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാദേശിക സര്‍ക്കാരുകളുടെ നിര്‍ദ്ദേശ പ്രകാരം സേവനദാതാക്കള്‍ ഇന്റര്‍നെറ്റ് തടഞ്ഞുവെച്ച സംഭവങ്ങളുമുണ്ട്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങളുടെ കുറവ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments