തിരുവനന്തപുരം: റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കടയുടമകൾക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെയും ചിത്രങ്ങളുള്ള പുതിയ പോസ്റ്റർ പതിക്കാൻ റേഷൻകട ഉടമകൾ വിസമ്മതിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ റേഷനിങ് ഇൻസ്പെക്ടർമാർ വഴി വാക്കാൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെയും ചിത്രങ്ങളുള്ള പോസ്റ്റർ കടകൾക്കു മുന്നിൽ പതിച്ചതിന്റെ ഫോട്ടോയെടുത്ത് ഉടൻ അയയ്ക്കണമെന്നും കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണം സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിന് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബാനറും സെൽഫി പോയിന്റും സ്ഥാപിക്കാൻ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ നൽകിയ നിർദേശം ‘അൽപത്തം’ എന്ന വിശേഷണത്തോടെ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും തള്ളിയിരുന്നു.
ഇതു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ‘അഭിമാനമാണ് നമ്മുടെ പൊതുഭരണം’ എന്ന തലക്കെട്ടോടെ സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടകളിൽ പ്രത്യക്ഷപ്പെട്ടത്. ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ എന്ന വാചകവും ഓരോ കാർഡ് ഉടമയ്ക്കും ലഭിക്കുന്ന റേഷൻ വിഹിതത്തിന്റെ വിവരങ്ങളും പോസ്റ്ററിലുണ്ട്. റേഷൻ വിഹിത വിവരങ്ങളുള്ള പ്രത്യേക ബോർഡ് കടകൾക്കു മുന്നിൽ പണ്ടേ ഉണ്ടായിരിക്കെയാണു പോസ്റ്റർ ഇറക്കിയത്. അതേസമയം, പോസ്റ്റർ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
പോസ്റ്റർ പതിക്കാൻ ഇപ്പോഴും ഒരു വിഭാഗം വ്യാപാരികൾ തയാറായിട്ടില്ല. വേതനപരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടെടുക്കാത്തതാണു കാരണം. ജനുവരിയിലെ വേതനം വ്യാപാരികൾക്ക് മാർച്ച് രണ്ടാംവാരമായിട്ടും ലഭിച്ചിട്ടുമില്ല. 14.11 കോടി രൂപ ഈയിനത്തിൽ അനുവദിച്ചതായി ധനമന്ത്രി ഫെബ്രുവരി 28ന് വാർത്താ കുറിപ്പ് ഇറക്കിയിരുന്നു.
Post Your Comments