Kerala

മഷി എത്തിക്കുന്ന സമയം കൊണ്ട് പണം നിറയ്ക്കൂ: തോമസ് ഐസക്

തിരുവനന്തപുരം: പണം പിന്‍വലിക്കുന്നവരുടെ കൈയില്‍ മഷി രേഖപ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള പണം എടിഎമ്മില്‍ നിറയ്ക്കാനാണ് തോമസ് ഐസക്ക് പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ മഷി പുരട്ടല്‍ തീരുമാനം വലിയ അബദ്ധമാണെന്നും തോമസ് ആരോപിക്കുന്നു. നിലവില്‍ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എങ്ങനെ കൂടുതല്‍ കഷ്ടങ്ങളിലേക്ക് ജനത്തെ കൊണ്ടുപോകാമെന്നാണ് കേന്ദ്രത്തിന്റെ ചിന്തയെന്നും തോമസ് കുറ്റപ്പെടുത്തുന്നു.

ബാങ്കുകളിലും എടിഎമ്മുകളിലും കള്ളപ്പണക്കാര്‍ നല്‍കിയ പണവുമായിട്ടാണ് സാധാരണക്കാര്‍ ക്യു നില്‍ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ധാരണ. ഇക്കാര്യത്തില്‍ ആദ്യം മനസിലാക്കേണ്ടത് കള്ളപ്പണം ആരും പണമായിട്ട് സൂക്ഷിക്കില്ല എന്ന കാര്യമാണ്. ആദ്യത്തെ കുറച്ചുനാള്‍ കഴിഞ്ഞ് സ്വര്‍ണവും മറ്റ് ആസ്തികളുമായി കള്ളപ്പണം മാറും.

ഇന്ത്യയിലെ ഇന്നുവരെയുളള എല്ലാ ഇന്‍കം ടാക്സ് റെയ്ഡുകളിലും മനസിലായിട്ടുളള കാര്യമാണിത്. മൊത്തം കള്ളപ്പണത്തിന്റെ അഞ്ചുശതമാനം മാത്രമാണ് ഇന്ത്യയില്‍ നോട്ടായി പിടിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് പണമായി സൂക്ഷിക്കുന്ന കള്ളപ്പണത്തിന്റെ വലിപ്പം എന്നു പറയുന്നത്. അഥവാ കള്ളപ്പണം വിതരണം ചെയ്താലും കുറഞ്ഞ തുക മാത്രമേ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് ഇത്തരത്തില്‍ മാറിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

മഷി പുരട്ടി വെറുതെ ആളുകള്‍ക്കിടയില്‍ തര്‍ക്കവും പ്രശ്നങ്ങളും ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button