NewsInternational

അമേരിക്കക്കാര്‍ സ്വന്തം ശവക്കുഴി തോണ്ടിയിരിക്കുകയാണെന്ന് ഐ.എസ്

സിറിയ : കടുത്ത ഇസ്ലാമിക വിരോധമാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിവാദ പുരുഷനാക്കിയത്. അമേരിക്കയിലുള്ള മുസ്ലീങ്ങളെ അപ്പാടെ പുറത്താക്കണമെന്നായിരുന്നു ട്രംപിന്റെ വാദം. ഇസ്ലാമിക വിരുദ്ധ നിലപാട് ട്രംപിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുണയ്ക്കുകയും ചെയ്തു. എന്നാല്‍, ആഗോള ഭീകരരെ അമേരിക്കയ്‌ക്കെതിരെ സംഘടിപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ മുസ്ലിം വിരുദ്ധത തങ്ങളുടെ ജോലി എളുപ്പമാക്കിയെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്താനിലെ നേതാവ് അബു ഒമര്‍ ഖൊറാസ്‌നി പറയുന്നു.

ട്രംപിനോടുള്ള എതിര്‍പ്പുമൂലം പാശ്ചാത്യ ലോകത്തുനിന്ന് കൂടുതല്‍ യുവാക്കള്‍ സംഘടനയിലേക്ക് സ്വമേധയാ ആകൃഷ്ടരാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ട്രംപിനെ പ്രതീകമാക്കി തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതിയും വിവിധ സംഘടനകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

സമ്പൂര്‍ണ ഭ്രാന്തനെന്നാണ് ഖൊറാസ്‌നി നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. ട്രംപിന്റെ മുസ്ലിം വിരുദ്ധത ഞങ്ങളുടെ ജോലി എളുപ്പമാക്കി. ആയിരക്കണക്കിന് യുവാക്കളെ വളണ്ടിയര്‍മാരായി കിട്ടുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയിരിക്കുന്നത് ഖൊറാസ്‌നി പറഞ്ഞു. ട്രംപിനെതിരായ വിദ്വേഷം ഉപയോഗിച്ച് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനും വിവിധ സംഘടനകള്‍ പദ്ധതിയിടുന്നതായും സൂചനയുണ്ട്.
അമേരിക്കയിലേക്ക് മുസ്ലീങ്ങള്‍ കടക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്നാണ് ഒരു ഘട്ടത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്. തന്റെ പ്രസ്താവന തിരിച്ചടിയാകുമെന്ന് വന്നപ്പോള്‍, തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്നാക്കി ട്രംപ് പ്രസ്താവനയെ ലഘൂകരിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തന്റെ വെബ്‌സൈറ്റില്‍നിന്ന് ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ട്രംപ് നീക്കുകയും ചെയ്തിരുന്നു.

ട്രംപിനെ അപേക്ഷിച്ച് ബുദ്ധിമാനായ മനുഷ്യനായിരുന്നു ബരാക്ക് ഒബാമയെന്ന് ഖൊറാസ്‌നി പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ തങ്ങളുടെ നേതാക്കള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് നിരീക്ഷിച്ചിരുന്നതെന്നും ഖൊറാസ്‌നി പറഞ്ഞു. എന്നാല്‍, ട്രംപിനെ തിരഞ്ഞെടുക്കുക വഴി അമേരിക്കക്കാര്‍ സ്വന്തം ശവക്കുഴി തോണ്ടുമെന്ന് കരുതിയിരുന്നില്ലെന്നാണ് അഫ്ഗാന്‍ ഭീകര നേതാവിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button