ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനമുയരുകയാണ്. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.
രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, എല്‍.കെ.അഡ്വാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിനായി നാലുദിവസംവരെ നീക്കിവയ്ക്കാവുന്നതാണെന്നും ബിജെപി വ്യക്തമാക്കി. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ശിവസേനയ്ക്കുപിന്നാലെ സഖ്യകക്ഷിയായ അകാലിദളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
പുതിയ തീരുമാനം അപ്രായോഗികമാണെന്നും പണത്തിന്റെ അഭാവം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബദാല്‍ പറഞ്ഞു.
Post Your Comments