ജപ്പാന്‍ : കള്ളപ്പണത്തിനെതിരായ ശുചിത്വ പരിപാടി ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ വലിയ തീരുമാനത്തിനൊപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു.ജനങ്ങള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നിട്ടും അവര്‍ പുതിയ തീരുമാനത്തെ സ്വീകരിച്ചു. രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ഏറ്റവും വലിയ തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടതെന്നും മോദി പറഞ്ഞു. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണ്. അഴിമതി ഇല്ലാതാക്കാന്‍ അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനങ്ങള്‍ തയാറായിക്കഴിഞ്ഞു. ജനത്തിന്റെ സഹകരണത്തിന് നന്ദി. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. കള്ളപ്പണക്കാര്‍ മാത്രമാണ് നടപടിയെ ഭയക്കേണ്ടത്. കൊള്ളയടിച്ച പണം പുറത്തുകൊണ്ടുവന്നേ മതിയാവൂ.ഈ തീരുമാനം ഒറ്റരാത്രികൊണ്ട് എടുത്തതല്ല. നേരത്തെ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ഭൂരിഭാഗവും ഉപയോഗിച്ചില്ല. തുടര്‍ന്നാണ് കള്ളപ്പണം തടയാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാ ജനങ്ങളും അതിനൊപ്പം നില്‍ക്കണം. കള്ളപ്പണത്തിനെതിരെയുള്ള നടപടിയില്‍ വിട്ടുവീഴ്ചയില്ല. കള്ളപ്പണത്തിന് എതിരായ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഗംഗയില്‍ ഇപ്പോള്‍ നാണയങ്ങളല്ല, 500,1000 രൂപ നോട്ടുകളാണ് ഒഴുക്കുന്നത്.
ഇത്തരം ശക്തമായ തീരുമാനങ്ങള്‍ കൊണ്ട് മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കൂ. അതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കണം. സാധാരണക്കാരായ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ സര്‍ക്കാര്‍ എന്തും ചെയ്യുകയുള്ളൂ മോദി പറഞ്ഞു.
Post Your Comments