അഞ്ചൽ: ശബരിമലയിൽ ജോലിക്ക് പോകാനായി പോലീസ് സ്റ്റേഷനിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവാവിനെ ലോവെയ്സ്റ്റ് ജീന്‍സ് ധരിച്ചതിന് എസ്ഐ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ് മോന് ആര്. (19) എന്ന യുവാവാണ് അഞ്ചല്‍ എസ്ഐ ജി. പ്രൈജു തന്നെ മർദ്ദിച്ച് കേൾവിശക്തി നശിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്.
ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടുവട്ടം സ്റ്റേഷന് വളഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. എസ്ഐക്കെതിരെ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും കൂട്ടപ്പരാതി നല്കാന് തയ്യാറാവുകയാണ് നാട്ടുകാര്‍.
ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ താനും രണ്ടു സുഹൃത്തുക്കളും ചേർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ റൈറ്റർ പുറത്ത് പോയിരിക്കുകയാണെന്നും എസ്ഐ വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അനീഷ് പറയുന്നു. റൈറ്റർ എത്തിയെന്ന് അറിയിക്കാൻ ചെന്നപ്പോൾ നിനക്കെന്താടാ ഇത്ര ധൃതി, പോയി പുറത്ത് നിക്കടാ എന്ന് എസ്ഐ അലറി. പുറത്ത് ഇറങ്ങാൻ തുടങ്ങിയപ്പോൾ അവിടെ നിൽക്കാനും ഷർട്ട് പൊക്കിക്കാണിക്കാനും എസ്ഐ ആവശ്യപ്പെട്ടു. ‘ജെട്ടിയും കാണിച്ച് നടക്കുന്ന നിനക്കാണോടാ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരേണ്ടതെ’ന്ന് ചോദിച്ച് തന്നെ അടിച്ചു. ഇത് സുഹൃത്തുക്കൾ കണ്ടപ്പോൾ കേസെടുക്കാന്‍ മറ്റു പോലീസുകാരോട് ആവശ്യപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ച അനീഷിനെ താന്‍ ഉപദേശിച്ചതു മാത്രമെയുള്ളുവെന്ന് അഞ്ചല്‍ എസ്ഐ ജി പ്രൈജു പറഞ്ഞു. ഇതിന് മുൻപും പ്രൈജുവിനെതിരെ സമാനരീതിയിൽ പരാതി ഉണ്ടായിട്ടുണ്ട്.
Post Your Comments