KeralaNews

യുവതി കോടതിവളപ്പിൽ പ്രസവിച്ചു

കോഴിക്കോട്: കോടതിയിൽ ഹാജരാക്കാനെത്തിച്ച യുവതി കോടതിവളപ്പിൽ പ്രസവിച്ചു. വെള്ളിമാടുകുന്നിലെ താത്കാലിക അഭയകേന്ദ്രത്തില്‍നിന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച യുവതിയാണ് കോടതിവളപ്പില്‍ മാസംതികയാതെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന് അപ്പോഴാണ് അഭയകേന്ദ്രം അധികൃതരും യുവതിക്കൊപ്പമെത്തിയ പോലീസും അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കുംമുൻപ് ബീച്ച്‌ ജനറല്‍ ആസ്പത്രിയില്‍ ആരോഗ്യപരിശോധന നടത്തിയിരുന്നു. പക്ഷെ വേദനകൊണ്ട് പുളയുകയായിരുന്ന യുവതിയെ പരിശോധിച്ചവര്‍ക്കും ഗര്‍ഭിണിയാണെന്ന് മനസ്സിലായില്ല.

മുപ്പത് വയസ്സു തോന്നിക്കുന്ന ഇതരസംസ്ഥാനക്കാരിയാണ് പ്രസവിച്ചത്. വടകരഭാഗത്ത് അലഞ്ഞുതിരിഞ്ഞുനടന്ന ഇവരെ പോലീസ് സെപ്റ്റംബർ 30-നാണ് സര്‍ക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിലെത്തിച്ചത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന യുവതിക്ക് സ്വന്തം പേരുപോലും അറിയില്ല. ഇവരുമായി സംസാരിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവരെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാനാണ് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയത്.

തിങ്കളാഴ്ച രാവിലെമുതല്‍ യുവതി ബഹളം കൂട്ടുകയായിരുന്നു.മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവതി ഗര്‍ഭലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് മേട്രന്‍ എം. രത്നാവതി പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വനിതാ സി.പി.ഒ. എത്തിയാണ് ഇവരെ കോടതിയിലെത്തിച്ചത്. മേട്രനും കെയര്‍ടേക്കര്‍ പാത്തുമ്മയും മറ്റൊരു അന്തേവാസിയും ഒപ്പമുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഒന്നരയോടെ കോടതിയിൽ എത്തി.

കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിനാല്‍ കാത്തിരിക്കുന്നതിനിടെ യുവതി ടോയ്ലറ്റില്‍ പോകണമെന്ന് പറഞ്ഞു. ടോയ്ലറ്റില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ കോടതിമുറ്റത്താണ് പ്രസവിച്ചത്. പ്രസവവിവരമറിഞ്ഞ് പോലീസ് കണ്‍ട്രോള്‍ റൂം, ബീച്ച്‌ ഫയര്‍സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ രണ്ട് ആംബുലന്‍സുകളിലായി അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button