ചണ്ഡിഗഢ്: അധികാരം ഉപയോഗിച്ച് എന്ത് തോന്നിവാസവും കാണിക്കാമെന്നാണ് ചില പോലീസുകാരുടെയൊക്കെ വിചാരം. പഞ്ചാബിലെ മോഗയില്‍ നടന്നതും സമാനമായ സംഭവം. ഭക്ഷണം കഴിച്ചതിന്റെ ബില്‍ അടയ്ക്കാതെ പോകുന്ന പോലീസുകാരനോട് പണം ചോദിച്ചപ്പോള്‍ ഹോട്ടലുടമയ്ക്ക് ലഭിച്ചത് നല്ല തല്ലാണ്.
ഹോട്ടലുടമയെ മര്‍ദ്ദിച്ച പൊലീസുകാരനെ ഇതിനോടകം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസുകാരനെതിരെ നടപടിയെടുത്തത്. മോഗയിലെ പപ്പി ധാബ എന്ന ഹോട്ടലില്‍വെച്ച് പൊലീസുകാര്‍ ഭക്ഷണം പാഴ്‌സല്‍ വാങ്ങുകയായിരുന്നു. 800 രൂപയുടെ ഭക്ഷണം വാങ്ങിയ ഇവര്‍ പൈസ കൊടുത്തില്ല.
500 രൂപ തന്നാല്‍ മതിയെന്ന് ഹോട്ടലുടമ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. അജിത്വാള്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പണം തരുമെന്ന് ഇവര്‍ പറയുകയായിരുന്നു. പിന്നീടെത്തിയ എസ്എച്ച്ഒ നവദീപ് സിംഗ് ആണ് ഹോട്ടലുടമയെ മര്‍ദ്ദിച്ചത്. ഈ സംഭവത്തിനുശേഷം ലൈസന്‍സില്ലാതെ മദ്യം വിറ്റു എന്നു പറഞ്ഞ് ഹോട്ടലുടമയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പണം ചോദിച്ചതിന് തന്നെ പൊലീസ് മര്‍ദ്ദിക്കുകയും ഒരു രാത്രി മുഴുവന്‍ ലോക്കപ്പിലിടുകയും കള്ളക്കേസെടുക്കുകയും ചെയ്തു എന്നാണ് ഹോട്ടലുടമ പപ്പി സിംഗ് പറയുന്നത്.
Post Your Comments