KeralaNews

മോഷ്ടാവെന്ന് മുദ്ര കുത്തിയ വൃദ്ധക്ക് സഹായ വാഗ്‌ദാനവുമായി പോലീസ് ഉദ്യോഗസ്ഥർ

വരാപ്പുഴ: തങ്ങൾക്കു പറ്റിയ തെറ്റുതിരുത്താൻ തയ്യാറായി പോലീസ് ഉദ്യോഗസ്ഥർ.അന്വേഷണത്തിലെ പിഴവുമൂലം മോഷ്ടാവെന്ന് മുദ്ര കുത്തിയ എഴുപതുകാരി രാധയെ സഹായിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്.
രാധയുടെ വാര്‍ത്ത അറിഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വരാപ്പുഴ ചിറയ്ക്കകത്തെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

നാട്ടുകാരുടെ കൂടി സഹകരണത്തില്‍ രാധയ്ക്ക് വീട്‌ വെച്ച് നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് വീട്ടിലെത്തിയ ആലുവ റൂറല്‍ ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍ പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും രാധയ്ക്കും കുടുംബത്തിനും നഷ്ടപ്പെട്ട വീടും സ്ഥലവും തിരിച്ചുവാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട് .സ്ഥലം വില്പനയ്ക്കായി കരാറെഴുതിയ ആളെ നേരില്‍ സന്ദര്‍ശിച്ചു. സ്ഥലം തിരികെ നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇനി പോലീസിന്റെ കൂടി പങ്കാളിത്തത്തില്‍ രാധയ്ക്ക് വീടൊരുക്കുകയാണ് ലക്ഷ്യം. അതിനായി നാട്ടുകാരുടെ സഹായം തേടുന്നതായും ഡിവൈഎസ്പി പറഞ്ഞു.

ഒരു മാസം മുമ്പാണ് വരാപ്പുഴയിലുള്ള ഇരുമ്പ് കടയില്‍ നിന്ന് 37,000 രൂപ മോഷണം പോയെന്ന പരാതിയില്‍ വരാപ്പുഴ പോലീസ്, വരാപ്പുഴ ചിറയ്ക്കകം ഭഗവതിപറമ്പില്‍ രാധയ്ക്കെതിരെ കേസെടുത്തത്. കടയുടമയുടെ സംശയത്തിന്റെ മാത്രം വെളിച്ചത്തില്‍ കാര്യമായ ഒരന്വേഷണവും കൂടാതെയായിരുന്നു ഇത്തരമൊരു നടപടി.പണം കാണാതായ സമയത്ത് രാധ കടയില്‍ ഉണ്ടായിരുന്നെന്ന കാരണം പറഞ്ഞ്, പോലീസ് രാധയുടെ വീട്ടിലെത്തി നിര്‍ബന്ധപൂര്‍വം കുറ്റം സമ്മതിപ്പിക്കുകയാണുണ്ടായത്.തുടർന്ന് ആകെയുണ്ടായിരുന്ന രണ്ട് സെന്റ് സ്ഥലവും വീടും വില്പിച്ചാണ് മോഷ്ടിച്ചുവെന്നാരോപിച്ച തുക രാധയില്‍ നിന്ന് വാങ്ങി പോലീസ് കടയുടമയ്ക്ക് നല്‍കിയത്. എന്നാൽ പറവൂരില്‍ വിവിധ മോഷണ കേസുകളിലെ പ്രതിയായ യുവാവ് പിടിയിലായതോടെയാണ് രാധയുടെ നിരപരാധിത്വം തെളിഞ്ഞത്.,

വരാപ്പുഴയിലെ കടയില്‍ നിന്ന് പണം മോഷ്ടിച്ചത് ഈ യുവാവ് ഏറ്റുപറഞ്ഞതോടെയാണ് സത്യം പുറത്തു വന്നത്.വാർത്ത വിവാദമായതിനെ തുടർന്ന് പ്രദേശവാസികളും മറ്റും പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരിന്നു. ഇതോടെ നാട്ടുകാര്‍ക്കൊപ്പം നിന്ന് രാധയെ സഹായിക്കുകയെന്ന നിലപാടിലേക്ക് പോലീസ് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button