കാഠ്മണ്ഡു : എവറസ്റ്റ് കൊടുമുടി പ്രദേശത്ത് മഞ്ഞുരുകിയുണ്ടായ തടാകം നേപ്പാള്‍ വറ്റിച്ചു. മൗണ്ട് എവറസ്റ്റില്‍ 16,437 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇംജാ തടാകമാണ് (ഇംജാ ടിഷോ) സൈന്യം ആറ് മാസം കൊണ്ട് വറ്റിച്ചത്. കനത്ത മഴയിലോ മഞ്ഞുരകലിലോ തടാകം നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ആഗോളതാപനത്തെ തുടര്‍ന്ന് റെക്കോര്‍ഡ് വേഗത്തിലാണ് ഇപ്പോള്‍ ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളമായി മാറുന്നത്. ഇങ്ങനെ മഞ്ഞുരുകിയുണ്ടാക്കുന്ന വെള്ളം പര്‍വതമടക്കുകളിലും മറ്റും ഒഴുകിയെത്തി തടാകമായി രൂപാന്തരപ്പെടും. ഇത്തരം തടാകങ്ങളിലെ വെള്ളം കുത്തിയൊലിച്ചാല്‍ അത് താഴ്വാരങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ അപകടത്തിലാക്കും.
7.8 തീവ്രത രേഖപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പത്തോടെയാണ് തടാകം വറ്റിക്കാനുള്ള നടപടികള്‍ അധികൃതര്‍ ത്വരിതപ്പെടുത്തിയത്. ഭൂകമ്പങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ സജീവമാണെന്നതിനാല്‍ ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതിയുമായി സഹകരിച്ച് നേപ്പാള്‍ സര്‍ക്കാര്‍ ഇംജോ തടാകം വറ്റിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കി. ഹിമാലയത്തിലെ ഏറ്റവും വലിയ തടാകമായ ഇംജോ വറ്റിച്ചതോടെ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്ന കൂടുതല്‍ തടാകങ്ങള്‍ വറ്റിക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ സര്‍ക്കാര്‍ . ഇംജോ പോലെ ചെറുതും വലുതുമായ മൂവായിരത്തിലേറെ തടാകങ്ങളാണ് നേപ്പാളിലുള്ളത്. 1977-നും 2010 നും ഇടയില്‍ എവറസ്റ്റിലെ നാലില്‍ ഒരു ഭാഗം മഞ്ഞുപാളികളും ഉരുകി ഇല്ലാതെയെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളില്‍ പറയുന്നത്. കൂടാതെ ഈ നൂറ്റാണ്ട് അവസാനിക്കും മുന്‍പേ തന്നെ എവറസ്റ്റിലെ 70 ശതമാനം മഞ്ഞുപാളികളും ഉരുകി ഇല്ലാതാവുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
മേഘവിസ്‌ഫോടനത്തിലോ ഭൂകമ്ബത്തിലോ ഇംജോ തടാകം നിറഞ്ഞു കവിഞ്ഞാല്‍ അത് താഴത്തെ ഗ്രാമങ്ങളില്‍ കഴിയുന്ന 50,000-ത്തിലേറെ ആളുകളെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച വറ്റിക്കല്‍ പ്രവൃത്തിയില്‍ നാല്‍പ്പത് സൈനികരും നൂറോളം പ്രദേശവാസികളും പങ്കുചേര്‍ന്നു. 45-മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രത്യേക തുരങ്കം പണിതാണ് തടാകത്തിലെ ജലം ഒഴുക്കികളഞ്ഞതെന്ന് പദ്ധതിക്ക് നേതൃത്വം വഹിച്ച ബഹാദുര്‍ കദ്രി പറയുന്നു. പ്രത്യേക യന്ത്രനിയന്ത്രിത ഗേറ്റ് സ്ഥാപിച്ചാണ് പുറത്തേക്കൊഴുക്കേണ്ട ജലത്തിന്റെ അളവ് നിയന്ത്രിച്ചിരുന്നത്. കരമാര്‍ഗ്ഗമുള്ള ഗതാഗതം സാധ്യമല്ലാതിരുന്നതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് പണിയായുധങ്ങളും മറ്റു യന്ത്ര സാമഗ്രികളും ഇംജോ തടാകത്തിലെത്തിച്ചത്.
Post Your Comments