KeralaNews

ലോക്‌സഭയിലേയ്ക്ക് മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ച് ബി.ജെ.പി : മത്സരരംഗത്ത് വമ്പന്‍മാര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ആരൊക്കെയെന്ന് സൂചന നല്‍കി ബി.ജെ.പി. ഇത്തവണ ലോക്‌സഭയിലേയ്ക്ക് 12 സീറ്റെങ്കിലും കേരളത്തില്‍ നിന്നും ഉണ്ടാകണമെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബി.ജെ.പി കേരള ഘടകത്തിന് നല്‍കിയ നിര്‍ദേശം. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഒരു സീറ്റ് ലഭിച്ചതും, ഏറെക്കുറെ മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതും കേരള ഘടകത്തിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. . ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി തങ്ങളുടെ ഏകദേശ ലിസ്റ്റിന് രൂപം നല്‍കിയിരിയ്ക്കുന്നത്.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍മാര്‍ മത്സരിക്കുമെന്ന സൂചനയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നതെന്ന്
മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുമെന്നതാണ് സവിശേഷത. ആറ്റിങ്ങലില്‍ ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഏതാണ്ട് ഉറപ്പായി. ബിജെപിക്ക് ഏറെ സാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ ശ്രീശാന്തോ മത്സരിക്കും.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകം. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സികെ ജാനുവിനേയും തെക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയേയും മത്സരിപ്പിക്കാനാണ് നീക്കം. കോട്ടയത്ത് പിസി തോമസും സ്ഥാനാര്‍ത്ഥിയായേക്കുമെന്നും മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിക്ക് ഏറ്റവും കൂടതല്‍ വോട്ടുകളുള്ളത് തിരുവനന്തപുരത്താണ്. ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച സജീവമാണ്. ബിജെപിയില്‍ എത്തിയ സൂപ്പര്‍താരം സുരേഷ് ഗോപിക്കാണ് സാധ്യത കൂടുതല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിയും നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ നിയോഗിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം സംഘപരിവാറില്‍ സജീവമാണ്.

ആറ്റിങ്ങലില്‍ ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ വി മുരളീധരനാകും സ്ഥാനാര്‍ത്ഥി. അദ്ദേഹം ഉടന്‍ പ്രചരണം തുടങ്ങുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തായിരുന്നു മുരളി മത്സരിച്ചത്. രണ്ടാമത് എത്തുകയും ചെയ്തു. ഈഴവ വോട്ടുകള്‍ ഏറെയുള്ള ആറ്റിങ്ങലില്‍ മുരളിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. കാട്ടാക്കട, നെടുമങ്ങാട് എന്നിവടങ്ങളില്‍ 35000ലധികം വോട്ടുകളും ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി മുരളീധരനിലൂടെ വോട്ട് ക്രമാതീതമായി കൂട്ടാനാണ് നീക്കം. ഇതോടെ തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി ശക്തമായ പോരാട്ടം നടത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ആറ്റിങ്ങലിനൊപ്പം കാസര്‍ഗോട്ടെ സ്ഥാനാര്‍ത്ഥിയിലും ബിജെപിയില്‍ ധാരണയായിട്ടുണ്ട്. ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കാസര്‍ഗോട്ട് സ്ഥാനാര്‍ത്ഥിയാകും. സംഘപരിവാര്‍ സംവിധാനം അനുസരിച്ച് കര്‍ണ്ണാടകത്തില്‍ ആര്‍എസ്എസിന് കീഴിലാണ് കാസര്‍ഗോഡുള്ളത്. രാജീവ് ചന്ദ്രശേഖര്‍ ബംഗളുരുവില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. കര്‍ണ്ണാടകത്തിലെ ആര്‍എസ്എസ് നേതൃത്വവുമായി നല്ല ബന്ധവുമുണ്ട്. ഈ സാഹചര്യത്തിലാണ് കാസര്‍ഗോട്ടേക്ക് രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നത്. ഏഷ്യാനെറ്റ് ചെയര്‍മാന്‍ പിന്മാറിയാല്‍ കെ സുരേന്ദ്രനാകും സാധ്യത. ആര്‍.എസ്.എസ് നിലപാട് തന്നെയാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകം. മഞ്ചേശ്വരത്ത് നിന്ന് 84 വോട്ടിന് തോറ്റ സുരേന്ദ്രന് കാസര്‍ഗോഡ് നല്ല ജനപിന്തുണയുണ്ട്. കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഏഷ്യാനെറ്റിന്റെ കൂടെ സഹായം ഉറപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖറിലേക്ക് ചര്‍ച്ചകള്‍ എത്തുകയായിരുന്നു.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിഡിജെഎസ് താല്‍പ്പര്യങ്ങള്‍ക്കും ബിജെപി മുന്‍തൂക്കം നല്‍കും. ആലപ്പുഴയില്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കാനായിരിയ്ക്കും നിര്‍ദേശിക്കുക . വയനാട് സികെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് താല്‍പ്പര്യം. പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലും ബിജെപി വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. തൃശൂരിലെ പ്രധാന മുഖം തന്നെ സ്ഥാനാര്‍ത്ഥിയാകും. ശോഭാ സുരേന്ദ്രന്‍, സികെ പത്മനാഭന്‍, വിവി രാജേഷ്, തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ട്. ആറന്മുള ഉള്‍പ്പെടുന്ന  പത്തനംതിട്ട  നിയമസഭാ മണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കോട്ടയത്ത് എന്‍ഡിഎയുടെ ഘടകക്ഷി നേതാവായ പിസി തോമസിനും സാധ്യത ഏറെയാണ്.

കേരളാ കോണ്‍ഗ്രസ് മാണിയെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എത്തിയാല്‍ മധ്യകേരളത്തില്‍ അവര്‍ക്ക് രണ്ട് സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കോട്ടയത്ത് ജോസ് കെ മാണി മത്സരിക്കും. മധ്യകേരളത്തിലെ സീറ്റിലൊന്നില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേരും സജീവ ചര്‍ച്ചയാണ്.
തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ രണ്ടാമത് എത്തിയിരുന്നു. പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് അവസാന റൗണ്ടിലാണ് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ ജയിച്ചത്. അതിനിടെ ശശി തരൂര്‍ ബിജെപിയില്‍ എത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആറ്റിങ്ങലിലും കാസര്‍ഗോഡും
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച ബിജെപി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയില്‍ ധാരണയുണ്ടാക്കാത്തതെന്നാണ് സൂചന.

കടപ്പാട് : മറുനാടന്‍ മലയാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button