മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചു. വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക. അതുപോലെ ക്ലാസില്‍ നിന്നും കുട്ടികളെ പുറത്താക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
സ്‌കൂളില്‍ വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ്. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. കൂടാതെ 5000 റിയാല്‍ വരെയും പിഴയും ലഭിക്കും. ഇതാദ്യമായാണ് മസ്‌ക്കറ്റിലെ സ്‌കളുകളില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
രക്ഷിതാക്കളുടെ തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. ഗൃഹപാഠം ചെയ്യാത്തതിന് അടക്കം അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതായി പല രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. പുതിയനിയമപ്രകാരം കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കുന്നതും കുറ്റകരമാണ്. നിലവില്‍ പുതിയ നിയമം മസ്‌ക്കറ്റിലെ സ്‌കുളുകളില്‍ മാത്രമാണ് ബാധകമാകുക. ഭാവിയില്‍ രാജ്യമെമ്പാടും ഇത് പ്രാവര്‍ത്തികമാക്കുമോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ മെയ്യില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സര്‍ക്കാര്‍ സ്‌കൂളിലെ ഒരു വിദേശ അധ്യാപകനെ ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം പുറത്താക്കിയിരുന്നു. അതെസമയം പുതിയ നിയമത്തോട് പല തരത്തിലുള്ള പ്രതികരണമാണ് അധ്യാപകരുടെ ഇടയില്‍ നിന്നും ഉയരുന്നത്. ഒമാനില്‍ ആയിരത്തി അന്‍പത് സ്‌കൂളുകളിലായി ഏഴുലക്ഷത്തോളം വിദ്യാര്‍ത്തികളാണ് ഉള്ളത്.
Post Your Comments