India

പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേര്‍ മരിച്ചു

ചെന്നൈ : പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സംഭവം. മരിച്ച പാരമ്പര്യവൈദ്യന്‍ നടത്തിയിരുന്ന വൈദ്യശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരില്‍ മൂന്ന് പേര്‍ രോഗികളാണ്. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമായി പാരമ്പര്യ ഒറ്റമൂലികളില്‍ നിന്ന് നിര്‍മ്മിച്ച മരുന്ന് എന്നവകാശപ്പെട്ടാണ് മുത്തുപാണ്ടിയെന്ന പാരമ്പര്യവൈദ്യന്‍ തിരുനെല്‍വേലിയ്ക്കടുത്തുള്ള തെങ്കാശിയില്‍ വൈദ്യശാല നടത്തിയിരുന്നത്. തെങ്കാശിയിലെ അളഗപ്പപുരം സ്വദേശികളായ ഇരുളാണ്ടിയും ബാരസുബ്രഹ്മണ്യനുമാണ് മരിച്ച മറ്റ് രണ്ട് പേര്‍. ഒരാള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പാരമ്പര്യവൈദ്യത്തില്‍ ബിരുദമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഈ മരുന്നിന്റെ ഗുണഫലങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനായാണ് മുത്തുപാണ്ടി ഒരു മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. ഈ ക്യാംപില്‍ വെച്ചാണ് ഇയാള്‍ മൂന്ന് രോഗികള്‍ക്ക് മരുന്ന് നല്‍കി പരീക്ഷണം നടത്തിയത്. ആളുകളെ വിശ്വസിപ്പിയ്ക്കാന്‍ ഈ മരുന്ന് ഇയാള്‍ സ്വയം കഴിയ്ക്കുകയും ചെയ്തു. മരുന്ന് കഴിച്ച് നിമിഷങ്ങള്‍ക്കകം തളര്‍ന്നു വീണ മുത്തുപാണ്ടിയടക്കം നാല് പേരെയും നാട്ടുകാര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button