KeralaNews

താന്‍ ഐ.എ.എസ്-ഐ.പി.എസ് ലോബിയിലെ ചിലരുടെ ചാരക്കണ്ണുകളുടെ വലയത്തിലാണെന്ന് ജേക്കബ് തോമസ്‌

തിരുവനന്തപുരം: തന്റെ ഔദ്യോഗിക ഫോണും ഇ-മെയിലും ചോർത്തുന്നുവെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഐ.എ.എസ്.-ഐ.പി.എസ്.തലത്തിലുള്ള ചിലർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണവുമായി കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് ജേക്കബ് തോമസ് പരാതി നല്‍കിയിരിക്കുന്നത്. പോലീസിലെ തന്നെ ചില ഉന്നതരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നുണ്ട്.

പ്രത്യേക ദൂതന്‍ വഴി വെള്ളിയാഴ്ച രാത്രിയാണ് പരാതി നല്‍കിയത്. ഇമെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും ജേക്കബ് തോമസ് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ചോർത്തലിനു പിന്നിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഐ.ജി.യാണെന്ന് അദ്ദേഹം സംശയിക്കുന്നുവെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറിനില്ക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജേക്കബ് തോമസ് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ഉപദേശപ്രകാരം സ്ഥാനത്തു തുടരുന്നതിനിടെയാണ് പുതിയ സംഭവം.മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുമായി ഫോണിൽ നടത്തിയ ഔദ്യോഗിക സംഭാഷണങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നതായി കത്തിൽ പാറയുന്നു.

കേരളത്തില്‍ നിലവിലുള്ള ചട്ടമനുസരിച്ച് ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുള്ള ഉദ്യേഗസ്ഥന് ഒരാഴ്ച വരെ ആരുടേയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്. ഇത് പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നുണ്ട്. ഫോണും മെയിലും ചോര്‍ത്തുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് ആരോപിക്കുന്നത്. അതുപോലെ സൈബർ സെല്ലിന്റെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപെടുന്നു.

എന്നാൽ വിജിലൻസ് ഡയറക്ടറുടെ കത്ത് താൻ കണ്ടിട്ടില്ലെന്നും, പരാതി ഗൗരവമുള്ളതാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കയ്യിൽ കിട്ടിയാൽ ഉടനെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി വിജിലെൻസ് ഡയറക്ടറുടെ പരാതിയിൽ മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരോപണം അതിഗൗരവമുള്ളതാണ്. ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ ഇന്റലിജൻസ് വിഭാഗത്തിനു മാത്രമേ ആരുടെയെങ്കിലും ഫോൺ ചോർത്താൻ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button