തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ രാജി സന്നദ്ധത സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നേർ വഴിയിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ ഈ ഘട്ടത്തില്‍ കൈവിടേണ്ട എന്നാണ് മുഖ്യമന്ത്രിയുടെയും തീരുമാനമെന്നാണ് സൂചന. ജേക്കബ് തോമസിനെ തുടരാന്‍ അനുവദിക്കുന്നതുവഴി സര്‍ക്കാരിന്റെ പ്രതിഛായ വർദ്ധിക്കുമെന്നും കണക്ക് കൂട്ടുന്നു.
കഴിഞ്ഞ ദിവസം വിജിലന്‍സ് സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ജോക്കബ് തോമസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ജേക്കബ് തോമസ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് കൈമാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് കത്തില്‍ ജേക്കബ് തോമസ് പറയുന്നു. തനിക്ക് മറ്റേതെങ്കിലും സ്ഥാനം നല്കിയാല് മതിയെന്നും കത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിന്റെ കത്ത് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസിന് എതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഈ കാരണത്താലാകാം സ്ഥാനം ഒഴിയാന്‍ ജേക്കബ് തോമസ് സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് സൂചന.
ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ധനകാര്യ പരിശോധനാ വിഭാഗം ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ജേക്കബ് തോമസിന് എതിരെ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തിയത്. അതേസമയം സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതുമാണെന്നാണ് ജേക്കബ് തോമസ് ഇതിനോട് പ്രതികരിച്ചത്.
Post Your Comments