IndiaNews

രാജ്യത്തെ ഹൈവേകളില്‍ വിമാനമിറങ്ങുന്നതിനുള്ള സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ !!!

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേകളില്‍ വിമാനമിറങ്ങുന്നതിനുള്ള സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സ് മന്ത്രാലയം. പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിക്കായി രാജ്യത്താകമാനമുള്ള ഹൈവേകളില്‍ നിന്നും 22 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ അടിയന്തര എയര്‍സ്ട്രിപ്പുകളെ ഇരട്ടിയാക്കുകയും, അടിയന്തരസാഹചര്യങ്ങളില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ വളരെ വേഗത്തില്‍ എത്തിച്ചേരുന്നതിനു വഴിയൊരുക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ദുരിതാശ്വാസം, സൈനികവിന്യാസം തുടങ്ങിയ കാര്യങ്ങളെ കൂടുതല്‍ സുഗമമാക്കുന്നതാണ് ഈ പദ്ധതി. അടിയന്തര സാഹചര്യങ്ങളില്‍ യുദ്ധവിമാനമടക്കം ലാന്‍ഡ് ചെയ്യുന്നതിനും, പറന്നു പൊങ്ങുന്നതിനും ഇത്തരം എയര്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇത് രാജ്യത്തെ ആഭ്യന്തരസുരക്ഷയടക്കമുള്ള മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ഉപയോഗപ്പെടുന്നതാണ്. രാജസ്ഥാനിലും, തുടര്‍ന്ന് അരുണാചല്‍ പ്രദേശിലും, മേഘാലയിലും ഇത്തരം എയര്‍ സ്ട്രിപ്പുകള്‍ ആരംഭിയ്ക്കുന്നതു സംബന്ധിച്ച് നിതിന്‍ ഗഡ്കരി സൂചിപ്പിച്ചിരുന്നു. നിലവില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കാന്‍ സാധിക്കുന്ന ഇരുപത്തിരണ്ട് ഇടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മറ്റു സാഹചര്യങ്ങള്‍ കൂടി പഠനവിധേയമാക്കിയ ശേഷമായിരിക്കും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിയ്ക്കുക.

ഈ എയര്‍ സ്ട്രിപ്പുകളുടെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച് പുതിയ സിവില്‍ ഏവിയേഷന്‍ പോളിസി നിലവില്‍ വരും. ഇതോടൊപ്പം യാത്രാവിമാനങ്ങള്‍ ലാന്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഈ എയര്‍ സ്ട്രിപ്പുകളെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് വിമാന ടിക്കറ്റ് ഇനത്തില്‍ വലിയ ലാഭം ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നും കരുതപ്പെടുന്നു.പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button