Kerala

ബിജെപി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു : കുമ്മനം

തിരുവനന്തപുരം : സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ താക്കീതാണ് സംസ്ഥാനത്തുണ്ടായതെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.കണ്ണൂര്‍ പിണറായിയിലെ രമിത്തിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു. ഇതൊരു മുന്നറിയിപ്പായി കണക്കാക്കാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറാകണം. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളോടും നന്ദി പറയുന്നു. സിപിഎം മുന്‍കൈ എടുത്താല്‍ കേരളത്തില്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഇനിയൊരു നിരപരാധിയുടെ രക്തം വീഴാന്‍ ഇടയാകില്ല. അതിന് അവര്‍ തയ്യാറാകണം. സ്വന്തം നാട്ടില്‍ പോലും സമാധാനം ഉറപ്പാക്കാന്‍ ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രിക്ക് ആകുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്നും കുമ്മനം വ്യക്തമാക്കി.

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മറയ്ക്കാന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന രീതി സിപിഎം അവസാനിപ്പിക്കണം. പിണറായി വിജയന് അപ്രമാദിത്വം ഉണ്ടായിരുന്ന കണ്ണൂരിലെ സിപിഎമ്മില്‍ ഇപ്പോള്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമാണ്. പിണറായിയുടേയും കോടിയേരിയുടേയും നേതൃത്വത്തെ അണികള്‍ ചോദ്യം ചെയ്ത് തുടങ്ങി. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ജില്ലയില്‍ അക്രമം നടത്താന്‍ സിപിഎം തയ്യാറാകുന്നത്. പിണറായിയിലും പരിസരത്തും ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപകമായി അക്രമം നടക്കുകയാണ്. അന്‍പതോളം വീടുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ മാത്രം ഈ പ്രദേശത്ത് തകര്‍ക്കപ്പെട്ടത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയതിനു ശേഷം നൂറുകണക്കിന് വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബിജെപി ഓഫീസുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമണമുണ്ടായ പിണറായി, വേങ്ങാട് പഞ്ചായത്തുകള്‍ ബിജെപി ആര്‍എസ്എസ് നേതൃത്വം വെളളിയാഴ്ച സന്ദര്‍ശിക്കും. രാവിലെ 9 ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം ഗണേശന്‍,ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് സംസ്ഥാന അസി ജനറല്‍ സെക്രട്ടറി രാജീവന്‍ എന്നിവരുടേ നേതൃത്വത്തിലാകും സന്ദര്‍ശനം. ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ പ്രതികരിക്കുന്ന ബിജെപിയുടെ നടപടി ബലഹീനതയായി സിപിഎം കാണരുതെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button