
ന്യൂഡല്‍ഹി: ഉന്നത ഗുണനിലവാരമുള്ള ശാസ്ത്രഗവേഷണ സംഭാവനകള്‍ ലോകത്തിന് നല്‍കുന്നതിന്‍റെ തോതില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ രണ്ടാംസ്ഥാനം. ഇക്കാര്യത്തില്‍ ചൈനയാണ് ഇന്ത്യയ്ക്ക് മുന്‍പില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഈ രംഗത്ത് ആഗോളതലത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ 100 ഗവേഷണകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‍ കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍), ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് (ടിഐഎഫ്ആര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) എന്നിവയുമുണ്ട്.
നേച്ച്വര്‍ ഇന്‍ഡക്സ് 2016 റൈസിംഗ് സ്റ്റാര്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ഉള്ളപ്പോള്‍ ചൈന ഈ രംഗത്ത് ഒന്നാം സ്ഥാനവുമായി വന്‍കുതിപ്പ് നടത്തുകയാണ്
മികച്ച നൂറ് ഗവേഷണകേന്ദ്രങ്ങളുടെ പട്ടികയില്‍ ചൈനയില്‍ നിന്നുള്ള 40 സ്ഥാപനങ്ങളെങ്കിലും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ത്തന്നെ 24-കേന്ദ്രങ്ങള്‍ക്ക് 2012-ന് ശേഷമുള്ള വളര്‍ച്ചയുടെ നിരക്ക് 50-ശതമാനത്തിനും മുകളിലാണ്.
അമേരിക്കയില്‍ നിന്ന്‍ 11 സ്ഥാപനങ്ങള്‍ ആണ് ആദ്യ നൂറില്‍ ഉള്ളത്. പക്ഷേ ഗുണനിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ ഏറ്റവുമധികം വരുന്നത് അമേരിക്കയിലെ ഗവേഷണകേന്ദ്രങ്ങളില്‍ നിന്നാണ്.
ഇന്ത്യയില്‍ നിന്ന്‍ 5 ഗവേഷണകേന്ദ്രങ്ങള്‍ ആദ്യ നൂറില്‍ ഉള്ളപ്പോള്‍ ബ്രിട്ടനില്‍ നിന്ന്‍ ഒമ്പതും, ജര്‍മ്മനിയില്‍ നിന്ന്‍ എട്ടും ആണ് ഉള്ളത്.
8,000-ത്തിലധികം ഗവേഷണകേന്ദ്രങ്ങളിലായി ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുന്ന ഗവേഷകരുടെ 68 ജേര്‍ണലുകളിലായി പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നേച്ച്വര്‍ ഇന്‍ഡക്സ് ഉപയോഗിച്ചാണ് റൈസിംഗ് സ്റ്റാര്‍സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
Post Your Comments