Kerala

ഭീകരവാദത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭയമാണ്; പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമാകുന്ന ഭീകരതയ്‌ക്കെതിരെ പ്രക്ഷോഭവുമായി ഇറങ്ങാനാണ് ബിജെപിയുടെ തീരുമാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഭീകരവാദത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഭീകരവാദത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമായി ചിത്രീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഐഎ നല്‍കിയ മുന്നറിയിപ്പുപോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്. മതമൗലികവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഇടത് സര്‍ക്കാര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഭീകരതയ്ക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തിലും സുരേന്ദ്രന്‍ പ്രതികരിച്ചു. സ്വാശ്രയ മാനേജ്മെന്റിന് സംസ്ഥാനസര്‍ക്കാര്‍ കീഴടങ്ങി. ഈ വിഷയത്തിലും സമരം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. സ്വാശ്രയ മാനേജ്മെന്റിന്റെ കൊളളയ്ക്കെതിരെ ഘോരമായി പ്രസംഗിച്ചവരാണ് എല്‍ഡിഎഫുകാര്‍. എന്നാല്‍, ഇപ്പോള്‍ വിദ്യാഭ്യാസ കച്ചവടക്കാരെ ഇവര്‍ സഹായിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു.

ഇതിനിടയില്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. പികെ ശ്രീമതിയുടെ മകനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാക്കിയതിനെതിരെ പ്രതികരിച്ചായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ… ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്സണല്‍ സ്റ്റാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്‍ഷന്‍ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്പനിവച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button