സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോക്സിങ് താരം മേരി കോം മക്കള്‍ക്കെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. ‘ മക്കളേ നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട്’ എന്ന് കത്തില്‍ മേരികോം പറയുന്നു. ഒമ്പതുവയസുള്ള ഇരട്ടക്കുട്ടികളുടെയും മൂന്നു വയസുകാരന്റെയും അമ്മയാണ് മേരി. സ്ത്രീകളെ ബഹുമാനിക്കാന്‍ പറയുന്നതിനൊപ്പം വംശീയ അധിക്ഷേപത്തെ എതിര്‍ക്കണമെന്നും മേരി പറയുന്നു. മേരി കോമിന്റെ കത്ത് വായിക്കാം…
പ്രിയപ്പെട്ട മക്കള്‍ക്ക്,
നമുക്ക് റേപ്പിനെ കുറിച്ച്, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാം.
നിരവധി സത്രീകളാണ് ഓരോ ദിവസവും അപമാനിക്കപ്പെടുന്നത്, ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. മൂന്നും ഒമ്പതും വയസു മാത്രം പ്രായമുള്ള ആണ്‍കുട്ടികളാണ് നിങ്ങള്‍. എന്നാല്‍ ഒരു സ്ത്രീയോട് പെരുമാറേണ്ടത് ബഹുമാനപൂര്വമായിരിക്കണമെന്ന് മനസിലാക്കേണ്ടത് ഈ പ്രായത്തില്‍ തന്നെയാണ്.
നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട്. മണിപ്പൂരില്‍ വച്ചായിരുന്നു ആദ്യത്തേത്. പിന്നീട് ഡല്‍ഹിയില്‍ വച്ചും ഹരിയാനയിലെ ഹിസാറില്‍ വച്ചും അമ്മ അപമാനിതയായിട്ടുണ്ട്. ഒരു വനിതാ ബോക്സര്‍ ആയിട്ടു പോലും അപമാനിതയാകേണ്ടി വന്നു എന്നതില്‍ എനിക്ക് വളരെ ദു:ഖമുണ്ട്.
പുലര്‍ച്ചെ എട്ടരയോടെ സൈക്കിള്‍ റിക്ഷയില്‍ ട്രെയിനിങ് ക്യാമ്പിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. പെട്ടന്നാണ് ഒരാള്‍ എന്നെ കയറിപ്പിടിച്ചത്. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചു. വല്ലാതെ ദേഷ്യം തോന്നി എനിക്ക്. റിക്ഷയില്‍ നിന്ന് ചാടിയിറങ്ങിയ ഞാന്‍ കൈയില്‍ ചെരുപ്പുമായി അയാളുടെ പിറകെ ഓടി.
പക്ഷെ എനിക്ക് അയാളെ പിടികൂടാനായില്ല. അവന് രക്ഷപ്പെട്ടു പോയി. അയാളെ പിടികൂടാന്‍ സാധിക്കാത്തതില്‍ എനിക്കു വല്ലാതെ ദേഷ്യം തോന്നി. അന്ന് പതിനേഴു വയസായിരുന്നു എനിക്ക്. ഇന്ന് മുപ്പത്തിമൂന്നും. രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടി എന്നതിന്റെ പേരില്‍ മാത്രമല്ല, ഒരു സ്ത്രീയെന്ന നിലയില്‍ ബഹുമാനിക്കപ്പെടാനും ഞാന്‍ ആഗ്രഹിക്കാറുണ്ട്. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും സ്ത്രീകളെ വെറും ശരീരമായി മാത്രം കണക്കാക്കുന്ന ചില പുരുഷന്മാരുണ്ട്. കുഞ്ഞുങ്ങളെ, നിങ്ങള്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. നിങ്ങളെ പോലെ തന്നെ രണ്ടു കണ്ണും കാതുമാണ് ഞങ്ങള്‍ക്കുമുള്ളത്.
ഞങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം വ്യത്യസ്തമാണ്. അതു മാത്രമാണ് നമ്മള് ഇരുകൂട്ടരെയും വ്യത്യസ്തരാക്കുന്നത്. ചിന്തിക്കാന്‍ വേണ്ടിയാണ് ഞങ്ങളും തലച്ചോര്‍ ഉപയോഗിക്കുന്നത്. വികാരങ്ങള്‍ മനസിലാക്കുന്നവയാണ് ഞങ്ങളുടെ ഹൃദയവും. മാറിടത്തിലോ നിതംബത്തിലോ സ്പര്‍ശിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇത്തരം സ്പര്‍ശനങ്ങളായിരുന്നു ഡല്‍ഹിയിലും ഹിസാറിലും വച്ച് ഞങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. ഏതു തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് രാത്രി ഏതു സമയത്താണ് പുറത്തിറങ്ങുന്നത് ഇതൊന്നും ഒരു സ്ത്രീ അപമാനിക്കപ്പെടാനുള്ള കാരണങ്ങളല്ല. ഈ ലോകം നിങ്ങള്‍ക്ക് എത്രമാത്രം സ്വന്തമാണോ അത്ര തന്നെയാണ് ഞങ്ങള്‍ക്കും. ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തൊടുമ്പോള്‍ എന്തു സന്തോഷമാണ് പുരുഷനു ലഭിക്കുകയെന്ന് എനിക്ക് ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
സ്ത്രീകള അപമാനിക്കുന്നതും അവര്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമവും കടുത്തശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് അറിഞ്ഞു വേണം നിങ്ങള്‍ വളരാന്‍. എപ്പോഴെങ്കിലും ഒരു സ്ത്രീ അപമാനിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവളെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കണം. മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ താല്പര്യമില്ലാത്ത ഒരു സമൂഹമായി നാം മാറുന്നു എന്നതില്‍ എനിക്കു വല്ലാത്ത ദു:ഖമുണ്ട്. കഴിഞ്ഞദിവസമാണ് രാജ്യതലസ്ഥാനത്തു വച്ച് കത്തിക്കുത്തേറ്റ് ഒരു പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. അവളെ സഹായിക്കാന്‍ പലര്‍ക്കും സാധിക്കുമായിരുന്നു. പക്ഷെ ആരും അതിനു മുന്നിട്ടിറങ്ങിയില്ല. പരസ്പര ബഹുമാനത്തെയും തുല്യതയെയും കുറിച്ച് മനസിലാക്കാന്‍ എറ്റവും നല്ല പാഠശാല നമ്മുടെ വീടു തന്നെയാണ്. 9 മണിക്കു പോയി അഞ്ചു മണിയ്ക്കു തിരികെ വരുന്ന ജോലിയല്ല നിങ്ങളുടെ അച്ഛന് ചെയ്യുന്നത്. പരിശീലനവും എം പി എന്ന നിലയിലെ ഉത്തരവാദിത്തങ്ങളും എന്നെ പലപ്പോഴും തിരക്കിലാക്കാറുണ്ട്.
ഞങ്ങളില്‍ ആരെങ്കിലും നിങ്ങളുടെ അടുത്ത് ഉണ്ടായെ മതിയാകൂ. എന്റെ തിരക്കുകള്‍ മനസിലാക്കി ആ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തെ കുറിച്ച് ഹൗസ് ഹസ്ബന്‍ഡ് എന്നൊരു പേര് ഉടന്‍ തന്നെ നിങ്ങള്‍ കേള്‍ക്കാനിടയുണ്ട്. എന്നാല്‍ ഒരു മോശപ്പെട്ട പ്രയോഗമായി അതിനെ നിങ്ങള്‍ കാണരുത്. അദ്ദേഹമാണ് എന്റെ കരുത്ത്, പങ്കാളി. എന്റെ ഓരോ ചുവടിലും ഒപ്പമുള്ള സഹയാത്രികനാണ് അദ്ദേഹം.
ഇനി ചിലപ്പോള്‍ നമ്മളൊരുമിച്ചു നടക്കുകയാണെന്നിരിക്കട്ടെ. എന്നെ ചിലപ്പോള്‍ ആരെങ്കിലും ചിങ്കി (ചൈനക്കാരി )എന്നു വിളിച്ചേക്കാം. ആ വിളി തെറ്റാണ്. വംശീയമായ അധിക്ഷേപമാണ് അത്. കാരണം ഞാന്‍ ഇന്ത്യക്കാരിയാണ്. വളര്‍ന്നു വരുന്ന ഇന്ത്യന്‍ പൗരന്മാരാണ് നിങ്ങള്‍. സംഘര്‍ഷത്തിന്റെ പിടിയില്‍ നിന്ന് ഇതുവരെ മോചിതമാകാത്ത സംസ്ഥാനമാണ് നമ്മുടേത്. ആക്രമണങ്ങളില്‍ നിന്നു നിങ്ങളെ സംരക്ഷിക്കാന്‍ എനിക്കു സാധിക്കും. ഭയത്തില്‍ നിന്നു പുറത്തുവരാന്‍ നിങ്ങളെ സഹായിക്കാനും എനിക്കു കഴിയും. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെന്ന നിലയില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാഴ്ചയ്ക്ക് എങ്ങനെ ഇരിക്കുന്നു എന്നതിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും പെണ്‍കുട്ടികള്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാറുണ്ട്.
ഈ രാജ്യമാണ് എനിക്കു പേരും പ്രശസ്തിയും തന്നത്. ധോണിയെ പോലയോ കോഹ്ലിയെ പോലെയോ കാണുന്ന ഉടനെ എല്ലാവരും എന്നെ തിരിച്ചറിയണമെന്നില്ല. എന്നു കരുതി ചൈനക്കാരി എന്നു വിളിക്കാന്‍ പാടില്ല. ഒരിക്കല്‍ ഒരാള്‍ എന്നോട് ചൈനീസില്‍ സംസാരിക്കാന്‍ ശ്രമിച്ചു. നല്ല ഹിന്ദിയില്‍ മറുപടി നല്‍കിയാണ് ഞാന്‍ അയാളെ തിരിച്ചയച്ചത്.
രാജ്യസഭയിലെ അംഗമാകാന്‍ സാധിച്ചു എന്നതില്‍ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. കാരണം സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഈ പദവി എനിക്ക് അവസരം തരുന്നു. ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തേണ്ട അവസരമാണിത്. സ്ത്രീകളോട് ബഹുമാനപൂര്‍വം പെരുമാറണമെന്ന് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരു അമ്മ എന്ന നിലയില്‍ എന്റെ ചുമതലയാണ്. സ്ത്രീക്കാണ് അവളുടെ ശരീരത്തിന്റെ മുകളില്‍ പരമാധികാരം ഉള്ളത്. വേണ്ട എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ അവളുടെ അഭിപ്രായത്തെ മാനിക്കണം. വേണ്ട എന്നു പറഞ്ഞതിനെ കാരണമാക്കി അവള്‍ക്കു നേരെ കത്തിയുമായി ചെല്ലരുത്. ബലാത്സംഗത്തിനും സെക്സിനും തമ്മില്‍ യാതൊരു ബന്ധവുമില്ല. അധികാരവും പ്രതികാരവും കലര്‍ന്ന വികാരമാണ് ബലാത്സംഗത്തിന്റേത്. എന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അടിച്ചു വീഴ്ത്താന്‍ എനിക്കു സാധിക്കും. എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചവനെ കീഴ്പ്പെടുത്താന്‍ സാധിച്ചുവെന്ന സംതൃപ്തി മാത്രമേ അപ്പോള്‍ എനിക്കു ലഭിക്കുകയുള്ളു. പക്ഷെ അതു കൊണ്ടു മാത്രമായില്ലല്ലോ കാര്യങ്ങള്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായും ബഹുമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിയ്ക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. മേരി കത്ത് അവസാനിപ്പിക്കുന്നു.
Post Your Comments