ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും പതിമൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും ആണ് സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടു മാസമാണ് പ്രായം. 8 സ്ത്രീകളടക്കം 11 പേരെ രാച്ചകൊണ്ട പൊലീസ് അറസ്റ്റു ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ വേരുള്ള സംഘത്തിലെ ആളുകളാണ് കുടുങ്ങിയിരിക്കുന്നത്.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശോഭാ റാണി എന്ന വനിത അറസ്റ്റിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഇവർ 4.50 ലക്ഷം രൂപയ്ക്ക് ഒരു കുട്ടിയെ വിൽപന നടത്തിയിരുന്നു.
‘കുട്ടികൾ പാവപ്പെട്ട വീടുകളിലുള്ളവരാണ്. 1.8 ലക്ഷം മുതൽ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വിൽപന നടത്തിയിരുന്നത്. രണ്ടു മാസം മുതൽ രണ്ടു വയസുവരെ പ്രായമുള്ളവർ കുട്ടികളുടെ കൂട്ടത്തിലുണ്ട്’ – പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെല്ലാം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഉള്ളവരാണ്.
ഡൽഹിയിലും പുണെയിലുമുള്ള 3 പേരാണ് കുട്ടികളെ സംഘത്തിനു നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. നിയമപ്രശ്നങ്ങൾ കാരണം ദത്തെടുക്കലിനു കാത്തിരിക്കാൻ മനസില്ലാത്ത ദമ്പതികൾക്കാണ് കുട്ടികളെ നൽകിയിരുന്നത്. കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറി.
‘ആരോഗ്യപ്രവർത്തകയായ ശോഭാ റാണിയിൽനിന്നാണ് ഞങ്ങൾ കുട്ടിയെ വാങ്ങിയത്. 4 ലക്ഷം രൂപ നൽകി. കുട്ടിയുടെ മാതാപിതാക്കൾ പാവപ്പെട്ടവരാണെന്നാണ് ശോഭാ റാണി പറഞ്ഞത്. കുട്ടി ഒരു വർഷമായി ഞങ്ങളോടൊപ്പമുണ്ട്. യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയാൽ കുട്ടിയെ നൽകാൻ തയാറാണ്. രക്ഷിതാക്കൾ വന്നില്ലെങ്കിൽ നിയമപരമായി കുട്ടിയെ ദത്തെടുക്കാൻ തയാറാണ്.’ – സഹോദരിക്കായി കുട്ടിയെ ദത്തെടുത്ത ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments