മോസ്കോ: ആണവായുധം നിര്‍മ്മിക്കാന്‍ ഉപയുക്തായ വെപ്പണ്‍സ്-ഗ്രേഡ് പ്ലൂട്ടോണിയം നശിപ്പിച്ചു കളയാനായി അമേരിക്കയുമായുള്ള ഉടമ്പടി നിര്‍ത്തലാക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടു. വാഷിംഗ്‌ടണ്‍ തങ്ങള്‍ക്ക് നേരേ പുലര്‍ത്തുന്ന “സൗഹാര്‍ദ്ദപരമല്ലാത്ത സമീപനങ്ങള്‍” മൂലമാണ് ഉടമ്പടി നിര്‍ത്തലാക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടതെന്ന് റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2000-ല്‍ ഒപ്പുവച്ച ഉടമ്പടിയാണ് ഇപ്പോള്‍ പുടിന്‍ നിര്‍ത്തലാക്കുന്നത്. ആണവ നിരായുധീകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 16-വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രതിരോധ പരിപാടികളില്‍ നിന്ന്‍ അണ്വായുധങ്ങള്‍ക്ക് ഉപയുക്തമായ പ്ലൂട്ടോണിയം പടിപടിയായി നശിപ്പിക്കാനുള്ള ഉടമ്പടിയില്‍ റഷ്യയും അമേരിക്കയും ഏര്‍പ്പെട്ടത്. 2010-ല്‍ ഇരുരാജ്യങ്ങളും ഉടമ്പടിയോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍ക്കൂടി ഉദ്ഘോഷിക്കുകയും ചെയ്തു.
മോസ്ക്കോയെ ദോഷകരമായി ബാധിക്കുന്ന ഉപരോധങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക തയാറാകുകയും, റഷ്യയെ ലക്ഷ്യം വച്ചുള്ള നയങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്താലേ തങ്ങള്‍ ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കുകയുള്ളൂ എന്ന സന്ദേശവും ക്രെംലിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്ലൂട്ടോണിയം മറ്റ് പദാര്‍ഥങ്ങളുമായി കൂട്ടിക്കലര്‍ത്തി കുഴിച്ചു മൂടുന്ന രീതി അമേരിക്ക പിന്തുടരുന്നത് ഉടമ്പടിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പുടിന്‍ ഈവര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാവിയില്‍ പ്ലൂട്ടോണിയം വീണ്ടെടുക്കാന്‍ സാധിക്കും എന്നുള്ളതിനാലാണ് പുടിന്‍ ഈ രീതിയെ വിമര്‍ശിച്ചത്.
“സാഹചര്യങ്ങളില്‍ ഉണ്ടായ സുപ്രധാനമായ മാറ്റങ്ങള്‍ മൂലവും, അമേരിക്കയുടെ സൗഹാര്‍ദ്ദപരമല്ലാത്ത സമീപനം മൂലം റഷ്യയ്ക്കുണ്ടായ സുരക്ഷാഭീഷണി കാരണവുമാണ്” ഉടമ്പടിയില്‍ നിന്ന്‍ പിന്മാറുന്നതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ ക്രെംലിന്‍ വ്യക്തമാക്കി.
റഷ്യയുടെ ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചാല്‍ ഉടമ്പടി നിലനിര്‍ത്തിക്കൊണ്ടു പോകാം എന്ന തന്ത്രപരമായ ഒരു സാഹചര്യമാണ് പുടിന്‍ ഈ നീക്കത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.
2000-ന് ശേഷം നാറ്റോ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്ന്‍ അമേരിക്ക തങ്ങളുടെ സൈനിക ഘടകങ്ങളെ പിന്‍വലിക്കുക, റഷ്യയ്ക്ക്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ എടുത്തുകളയുക, ഇതുമൂലം റഷ്യയ്ക്കുണ്ടായ സാമ്പത്തികനഷ്ടത്തിന് പരിഹാരം കാണുക എന്നിവയാണ് ഉടമ്പടി നിലനിര്‍ത്താന്‍ റഷ്യ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.
ഉടമ്പടി നിര്‍ത്തലാക്കാനുള്ള ബില്‍ റഷ്യന്‍ പാര്‍ലമെന്‍റില്‍ ബുധനാഴ്ച വോട്ടിനിടും.
Post Your Comments