ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ചൈന എന്നിവരുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന് ഉലച്ചില്‍ തട്ടുന്ന തരത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജസന്ദേശങ്ങള്‍ ഏറിവരുന്നതായി മുന്നറിയിപ്പ്. പാകിസ്ഥാന്‍ പോറ്റിവളര്‍ത്തുന്ന തീവ്രവാദി നേതാവ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ചൈന തുടര്‍ച്ചയായി തടസ്സം സൃഷ്ടിക്കുന്നതാണ് ഇന്ത്യാ-ചൈന ബന്ധത്തില്‍ ഇപ്പോള്‍ ഉലച്ചിലുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി പുറപ്പെടുവിക്കുന്നതായുള്ള വിവിധ അഭ്യര്‍ത്ഥനകളുടേയും, പ്രസ്താവനകളുടേയും രൂപത്തിലാണ് വാട്ട്സ് ആപ്പ്, മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ എന്നിവടങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പേരില്‍ വരുന്ന വ്യാജസന്ദേശങ്ങളുടെ ഇരകളാകരുതെന്ന് ഒരു മാസം മുമ്പ് അദ്ദേഹത്തിന്‍റെ ഓഫീസ് (പി.എം.ഒ) സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. വ്യാജസന്ദേശങ്ങളില്‍ ഒരെണ്ണം ഉദാഹരണമായി പി.എം.ഒ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Few appeals with PM’s ‘signature’ are circulated on social media. Such documents are not authentic. pic.twitter.com/9AOcvHStFu
— PMO India (@PMOIndia) August 31, 2016
ഉടന്‍വരുന്ന ഉത്സവകാലത്ത് ചൈനയില്‍ നിന്ന്‍ ഇറക്കുമതി ചെയ്യുന്ന പടക്കങ്ങള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്ന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നു എന്നപേരില്‍ പ്രചരിക്കുന്ന സന്ദേശമാണ് വ്യാജസന്ദേശങ്ങളില്‍ ഏറ്റവും പുതിയത്. മസൂദ് അസറിനെതിരെയുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതിന് ചൈനയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇതെന്നും വ്യാജസന്ദേശത്തില്‍ പറയുന്നു.
Post Your Comments