NewsIndia

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍ : ഉറി ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരില്‍ വീണ്ടും സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം. ഉത്തര കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിതിന്‍ ആണ് വീരമൃത്യുവരിച്ച ജവാന്‍. ആറ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരും ബിഎസ്എഫിന്റെ 40 ബറ്റാലിയനിലാണ് ജോലി ചെയ്തിരുന്നത്. രണ്ടു ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഭീകരര്‍ ആറുപേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി 10.30നാണ് ആക്രമണമുണ്ടായത്. 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാഷ്ട്രീയ റൈഫിള്‍സിന് പുറമെ ബിഎസ്എഫും ഈ കേന്ദ്രമാണ് ഉപയോഗിക്കുന്നത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡന്റ് അറിയിച്ചു.
സമീപമുള്ള പാര്‍ക്കിലൂടെ സൈനിക ക്യാംപിനുള്ളില്‍ കയറാനായിരുന്നു ഭീകരരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ക്യാംപിന്റെ ഇരുവശത്തുനിന്നും ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍, സര്‍വസജ്ജരായിരുന്ന സൈനികര്‍ ഉടന്‍ തിരിച്ചടിക്കുകയും ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ത്സലം നദീ ഭാഗത്തുനിന്നാണ് ഭീകരര്‍ എത്തിയത് എന്നാണ് കരുതുന്നത്. എന്നാല്‍, ഭീകരര്‍ക്ക് സൈന്യത്തിന്റെ സുരക്ഷാ വലയം തകര്‍ക്കാന്‍ സാധിച്ചില്ല. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ജവാന്‍മാരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ഒരു ജവാന്‍ വീരമൃത്യുവരിച്ചത്. സൈനിക ക്യാംപിനു സമീപമുള്ള വീടുകളില്‍ നിന്നും വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വലിയ സ്‌ഫോടനത്തിന്റെ ശബ്ദവും വെടിവയ്പ്പിന്റെ ശബ്ദവുമാണ് കേട്ടതെന്ന് പ്രദേശവാസി പറഞ്ഞു.

ബിഎസ്എഫ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.
രണ്ടാഴ്ച മുന്‍പ് ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം ഭീകരക്യാംപുകള്‍ ആക്രമിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്‌നൂറില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചിരുന്നു. ശക്തമായ വെടിവയ്പ്പാണ് ഈ മേഖലയില്‍ പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button