മലപ്പുറം : മലപ്പുറത്ത് കോടതിയിടപെട്ട് തടഞ്ഞത് 12 ശൈശവ വിവാഹങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ശിശു സംരക്ഷണ ഓഫീസറും ശൈശവ വിവാഹ നിരോധന ഓഫീസറും സംയുക്തമായി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഇടപെട്ടത്. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് വിവാഹം തടയാന്‍ ഇടക്കാല ഉത്തരവിറക്കിയത്.
ഇത്രയധികം ശൈശവ വിവാഹങ്ങള്‍ ഒറ്റദിവസത്തില്‍ സംസ്ഥാനത്തെ ഒരു കോടതി തടയുന്നത് ഇതാദ്യമാണ്. 12 പെണ്‍കുട്ടികളില്‍ ഒരുകുട്ടിക്ക് 15 വയസും, ആറ് പെണ്‍കുട്ടികളുടെ വയസ്സ് 16, അഞ്ച് പെണ്‍കുട്ടികളുടെ വയസ്സ് 17 മാണ്. മലപ്പുറത്ത് നിലമ്പൂരിനടുത്ത് മുത്തേടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍.
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കരുതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. 12 പെണ്‍കുട്ടികളുടേയും മാതാപിതാക്കളോട് തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നത് വരെ വിവാഹം നടത്തരുതെന്നാണ് കോടതിയുടെ ഉത്തരവ്.
Post Your Comments